ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, May 23, 2013

റെയില്‍ പാളങ്ങള്‍ : കഥ

ചിത്രം :ഗൂഗിള്‍ കടപ്പാട്
 മഴ മേഘങ്ങള്‍ ഒരുക്കു കൂടി ആകാശത്തിനു മേല്‍ വട്ടം ചുറ്റി നില്‍ക്കുന്നതിനാല്‍ വൈകുന്നേരമായിട്ടും അന്തരീക്ഷത്തിന്റെ വിങ്ങല്‍ മാറിയിട്ടില്ല . ക്വാറിയിലെ കരിങ്കല്‍ പൊടി കൂടി ശരീരത്തില്‍ നിറഞ്ഞതിനാല്‍ ..വിങ്ങലിന്റെ അസഹ്യത ക്കൊപ്പം ചൊറിച്ചിലും കൂടി ..കരിങ്കല്‍ ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ വേണ്ടി കുഴിയെടുക്കുന്ന കംപ്രസറിന്റെ സൈഡില്‍ അല്പം ഗ്രീസ് തേച്ചു . ഒരു ബക്കറ്റില്‍ അല്പം വെള്ളം എടുത്തു തുണി മുക്കി ഒന്ന് തുടച്ചപ്പോള്‍ തന്നെ നീല നിറമുള്ള ബോഡി ക്ക് തിളക്കം കൂടി . കംപ്രസര്‍ ട്രാക്ടര്‍ ഷെഡ്ഡില്‍ കയറ്റി താക്കോല്‍ ട്രാക്ടറുടമയുടെ ഭാര്യയുടെ കയ്യില്‍ കൊടുത്തു .
ഇനിയൊന്നു കുളിക്കണം !
..എന്നാലേ ഈ ചൊറിച്ചിലൊന്നു മാറൂ .. ...
നടത്തം നേരെ പുഴ ക്കരയിലേക്ക് വെച്ച് പിടിച്ചു .
കുപ്പായത്തിന്റെ കീശയിലിരുന്ന ബീഡി കെട്ടും , പേഴ്സം പുഴ കരയിലെ കല്ലിന്‍ മേല്‍ വെക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഹാന്‍സിന്റെ പാക്കിലെ അവസാന പൊടികള്‍ ഇടതു കയ്യിലേക്ക് തട്ടി വലതു കൈ കൊണ്ട് പല്ലിനും ചിറിക്കുമിടയില്‍ തിരുകി ...
ഹാന്‍സിന്റെ വര്‍ണകവര്‍ വെള്ളത്തിലേക്കിട്ടു . പുഴയോളങ്ങള്‍ അതിനെ തിക്കിയും തലോടിയും കളിക്കുന്നത് നോക്കി ഉടുത്ത മുണ്ടും കുപ്പായവും അഴിച്ചു വെള്ളത്തിലെക്കിട്ടു ..

ആകാശത്തിലെ ചുവപ്പ് മാഞ്ഞു തുടങ്ങിയിട്ടുണ്ട് . നനയും കുളിയും കഴിഞ്ഞു അവിടന്ന് നടക്കുമ്പോ , ഉടുത്ത തുണി ശരിക്ക് ഉണങ്ങാഞ്ഞിട്ട് നടത്തത്തിന് വേഗത കിട്ടുന്നില്ല . എങ്കിലും ശരീരം ഒന്ന് തണുത്തിട്ടുണ്ട് .

കയ്യിലെ നനഞ്ഞ മുണ്ട് കഴുത്തില്‍ ചുറ്റി , ഒരു ബീഡിക്ക് തീ കൊളുത്തി തോമസിന്റെ നടത്തം നേരെ റെയില്‍ പാളത്തിനോടു ചേര്‍ന്നുള്ള കവലയിലെ കള്ളുഷാപ്പിന് മുന്നിലാണ് ചെന്ന് നിന്നത് . അര മണിക്കൂര്‍ കഴിഞ്ഞു കാണും .. ഷാപ്പില്‍ നിന്നും പുറത്ത് ഇറങ്ങിയ തോമസ്‌ കവലയിലെ മാര്‍ കെറ്റിലേക്ക് നടന്നു , അന്തി കറുപ്പ് തുടങ്ങിയിട്ടും മാര്‍ കെറ്റിലേ തിരക്ക് ഒഴിഞ്ഞിട്ടില്ല ..ഭൂരിഭാഗം ആളുകളും ദിവസ കൂലി പണി ക്കാര്‍ ആയത് കൊണ്ടാവും നേരം വൈകിയാലും മാര്കറ്റ് ഒഴിയാന്‍ സമയം എടുക്കുന്നത് . കുറച്ചു മീനും പച്ചക്കറിയും വാങ്ങി തോമസ്‌ മാര്‍കെറ്റില്‍ നിന്നും പുറത്തേക്ക് നടക്കുംമ്പോ ഴാണ് .....
ഇന്ന് പൊരി വേണ്ടേ ...? മരച്ചീനി പൊരിച്ചു വില്‍ക്കുന്ന ആളുടെ വിളി ..
"പിന്നേ.. ..വേണം ...എരുവ് ഉള്ളത് ഒരു പാക്ക് എടുത്തോ ..." അയാള്‍ സന്തോഷത്തോടെ ഒരു പാക്ക്‌ പൊതിഞ്ഞെടുത്തു . പത്ത് രൂപ വാങ്ങുമ്പോള്‍ മുഖം തെളിയുന്നത് കണ്ടു .
അയാളുടെ ഊരും പേരും ഒന്നും അറിയില്ല .പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചോദിക്കാര്‍ ഇല്ല . എങ്കിലും എല്ലാ ദിവസവും ഒരു പാക്ക് മരച്ചീനി പൊരി വാങ്ങും. മേരിക്കും അത് നല്ല ഇഷ്ടമാണ് . രാത്രി ഭക്ഷണം കഴിഞ്ഞു നേര കോലായില്‍ പോയിരിക്കും..പാത്രം കഴുകി വെച്ച് മരച്ചീനി പൊരിയുമെടുത്ത് മേരി വരും...പിന്നെ പത്തെ നാല്പതിന്റെ പരശുറാം എക്സ് പ്രസ്‌ ഭൂമി കുലുക്കി പോകുന്നതിന്റെ കാഴ്ച കണ്ണില്‍ നിന്ന് മായുവോളം മേരിയുമൊത്ത് , പൊരിയും തിന്നു ..സംസാരിച്ചിരിക്കും.

ഓരോന്ന് ചിന്തിച്ചു റെയില്‍ പാളത്തിനരികെയെത്തിയതറിഞ്ഞില്ല . തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് ട്രെയില്‍ പുറപ്പെട്ടു വരുന്നതിന്റെ സൈറണ്‍ ..ശബ്ദം ഇങ്ങടുത്തു വരുന്നുണ്ട് ..തോമസ്‌ ശബ്ദം കേള്‍ക്കുന്ന ഭാഗത്തെക്ക് നോക്കി ..അങ്ങ് ദൂരെ ..ട്രെയിനിന്റെ ലൈറ്റ് തെളിഞ്ഞു കൊണ്ടിരിക്കുന്നു . തോമസ്‌ പാളം മുറിച്ചു കടന്നു ...അവിടെ നിന്ന് നോക്കിയാല്‍ തന്നെ വീട് കാണും ...ഒരു രണ്ടു മൂന്നു മിനിറ്റിന്റെ ദൂരം കൂടി ..അത് നടന്നു തീര്‍ക്കുന്നതിനിടക്ക് ...ട്രെയിനിന്റെ ശബ്ദം അടുത്തടുത്തു വന്നു ...തന്റെ പിന്നില്‍ ആ ശബ്ദം ഇരമ്പല്‍ തീര്‍ത്തു...പിന്നെ കുറഞ്ഞു കുറഞ്ഞു കേള്‍ക്കതെയായി .

കോലായില്‍ തന്നെ മേരി കാത്തിരിപ്പുണ്ട് ..കയ്യിലുള്ള മീനും പച്ചക്കറിയും അവളുടെ കയ്യിലേക്ക് കൊടുത്തു ..
" ഇന്നും കുടിച്ചിട്ടുണ്ടാല്ലേ ..? " മേരി ചിരിച്ചു കൊണ്ട് ചോദിച്ചു
"ഇത്തിരി...മാത്രം ..അതിന്റെ പുറത്ത് ഞാന്‍ നിന്നെ അടിക്കുകയോ പള്ള് പറയുകയോ ഒന്നും ചെയ്യുന്നില്ലല്ലോ ..?"...ഒരു സാധാരണ കുടിയന്‍ അല്ല ഞാന്‍ എന്നവളെ വീണ്ടും ബോധ്യ പ്പെടുത്തി .
"ങ്ഹാ ..എന്നാണാവോ ഇനി ആ കലാ പരിപാടി തുടങ്ങുവാ എന്ന് ഈശോക്കറിയാ ...!!" പിടിച്ചു മാറ്റാന്‍ മക്കളെ പോലും എനിക്ക് കര്‍ത്താവ്‌ തന്നില്ലല്ലോ ..." മേരി പതിവ് സങ്കടത്തിലേക്ക് കടന്നു .
"ഇതാ ഞാന്‍ കുടിക്കുന്നത് ...." ഇവിടെ വന്നാ നീ കുട്ടികളില്ലാത്തത്തിന്റെ ദണ്ഡം പറയാന്‍ തുടങ്ങും .
ന്നാ ..ഞാന്‍ പറയുന്നില്ല ...ന്നാലും ഒരു ദിവസമെങ്കിലും കുടിക്കാതെ വന്നൂടെ ....., മേരി അടുക്കളയിലേക്ക് കയറി .
ഒരു ബീഡിക്ക് തീ കൊളുത്തി തോമസ്‌ കോലായിലെ പടിയില്‍ കിടന്നു . ഉയരുന്ന ബീഡിയുടെ പുകചുരുളുകള്‍ ചിന്തകളെ ഉണര്‍ത്തി ..വിവാഹം കഴിഞ്ഞിട്ട് പത്ത് പന്ത്രണ്ടു കൊല്ലമായി ..ഒരു കുട്ടി ഇല്ലാത്തതിന്റെ വിഷമം രണ്ടാള്‍ക്കും നല്ല പോലെ ഉണ്ട് ..രണ്ടു പേരും മാറി മാറി കുറെ മരുന്നുകള്‍ കുടിച്ചു ..ഫലം ഒന്നുമില്ല ..
ഒരു ചേട്ടത്തി മാത്രമേ അവള്‍ക്കു കുടുംബമായി ഉണ്ട് എന്ന് പറയാന്‍ ഉള്ളൂ .താനും വീട് വിട്ടു പോന്നിട്ടു കാലം കുറെ ആയി ..മേരിയെ പ്രേമിച്ചു കെട്ടിയതില്‍ പിന്നെ വീട്ടുകാര്‍ പൂര്‍ണമായും തന്നെ കയ്യൊഴിച്ചു ..തന്നെ വേണ്ടാ എന്ന് വെച്ചവരെ താനും വേണ്ടാ ന്നു വെച്ചു . അമ്മയുടെ ഒരാങ്ങള വല്ലപ്പോഴും വരും.

ഇടക്കൊന്നു നിര്‍ത്തി ..തോമസ്‌ പതിയെ പിന്നെയും സംസാരിച്ചു തുടങ്ങി .അന്നൊരു ബുധനാഴ്ച യായിരുന്നു . പതിവ് കുളിയും നനയും കഴിഞ്ഞു നേരെ നടന്നത് ഷാപ്പിലേക്ക് തന്നെ ..ഷാപ്പിന്റെ പടി വാതില്‍ക്കലേക്ക് കയറിയതും , നേരെ മുന്നിലെ തറയിലിരുന്നു ഒരുത്തന്‍ ചര്‍ദ്ദിക്കുന്നു ....കയറി വരുന്ന എന്നെ അവനൊന്നു നോക്കി ..മുന്‍പ് കണ്ട്‌ പരിചയ മില്ലാത്ത മുഖം, ആദ്യ മായിട്ടാകും കുടിക്കുന്നത് . വായില്‍ നിന്ന് ഒലിക്കുന്ന കേല അവന്‍ കൈ കൊണ്ട് തുടച്ചു കളഞ്ഞു ...."എരണം കെട്ടവന്‍ ..വാള് വെക്കാന്‍ കണ്ട നേരം ..." മനസ്സ് പിറുപിറുത്തു...എന്തോ പിന്നെ അകത്തോട്ടു കേറാന്‍ തോന്നിയില്ല .ഒരു മനം പുരട്ടല്‍ , ഷാപ്പില്‍ നിന്ന് പുറത്തേക്കിറങ്ങി ...അടുത്ത കടയില്‍ നിന്നൊരു സോഡാ വാങ്ങി, പകുതി കുടിച്ചു ..കുപ്പി പെട്ടിയില്‍ തിരുകി ..നേരെ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി നീങ്ങി ....
കള്ളുഷാപ്പില്‍ കൊടുക്കുന്ന പണം കൂടി കൂട്ടി നല്ല മീനെന്തെങ്കിലും വാങ്ങാം . മേരിക്ക് സന്തോഷ മാകും. ഒരു കിലോ ആവോലി മീന്‍ വാങ്ങി പുറത്ത് കടന്നു .
നേരെ മരച്ചീനി പൊരി വില്‍ക്കുന്നിടത്തെക്ക് നോക്കി ..തന്റെ വരവും കാത്തിരിക്കുന്ന പോലെ അയാളുടെ മുഖം തന്റെ നേരെ തിരിഞ്ഞു നില്‍ക്കുന്നത് കണ്ടു ...

അയാളില്‍ നിന്ന് പൊരിയുടെ കീസും വാങ്ങി മുന്നോട്ടു നടന്നു ,
മനസ്സില്‍ ...കുടിക്കാതെ വീട്ടില്‍ ചെല്ലുന്നതിന്റെ രസം..മേരി എന്ത് പറയും.....? സന്തോഷിക്കുമോ ..?

ഇളം കാറ്റിന് ഡീസലിന്റെ മണം ... സ്റ്റെഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന്റെ സൈറണ്..ദൂരെ നിന്ന് ഉയര്‍ന്നു കേട്ടു...അതങ്ങിനെ സ്പീഡ്‌ കൂടി കൂടി ഇങ്ങടുത്തു എത്തുമ്പോഴേക്കു താന്‍ മേരിയുടെ അടുത്ത് എത്തിയിട്ടുണ്ടാകും...
നടന്നു റെയില്‍ പാളത്തിനു അരികെ എത്തി .. അങ്ങ് ദൂരെ ട്രെയിനിന്റെ ലൈറ്റ് കാണാന്‍ തുടങ്ങി ..പാളത്തിലേക്ക് കാല്‍ വെച്ച് മുറിച്ചു കടക്കാന്‍ തുടങ്ങി ..പെട്ടെന്ന് കാലൊന്നു സ്ലിപ് ആയി....കാലിന്റെ പെരുവിരല്‍ ഏതോ ഇരുമ്പ് തുളയില്‍ കേറി കുടുങ്ങിയത് പോലെ ...!!!
ആഞ്ഞു പുറത്തോട്ടു വലിച്ചു ..
ട്രെയിനിന്റെ ഇരമ്പലും വെളിച്ചവും അടുത്തെ ത്തിയതറിഞ്ഞു ...
വെപ്രാളവും ഭയവും തലയില്‍ പെരുത്തു കയറി ..കാലു ആഞ്ഞു വലിച്ചു കൊണ്ട് ഉറക്കെ ആര്‍ത്തു നിലത്തേക്ക് വീണു .......!!

കണ്ണ് തുറന്നപ്പോള്‍ ..ആശുപത്രിയിലാണെന്ന് അറിഞ്ഞു ..ബോധം വന്നപ്പോള്‍ അരക്ക് താഴേക്കുള്ള മരവിപ്പ് ..വൈകാതെ ആ സത്യം ഞാന്‍ തിരിച്ചിറിഞ്ഞു ..തന്റെ രണ്ടു കാലും നഷ്ടപെട്ടിരിക്കുന്നു .. .ഒരു കാല്‍ മുട്ടിനു താഴെ റെയില്‍ പാളത്തില്‍ തന്നെ മുറിഞ്ഞു വീണു ..മറ്റേ കാല്‍ ആശുപത്രിയില്‍ വെച്ച് തന്നെ മുട്ടിന്റെ ഭാഗത്ത് നിന്നും മുറിച്ചു മാറ്റി ...ശരീരത്തിന്റെ മരവിപ്പ് മനസ്സിലേക്ക് കൂടി ബാധിച്ചു

തോമസ്‌ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ..അത് വരെ കേട്ട് കൊണ്ടിരുന്ന ...
എന്റെ മനസ്സിലേക്ക് ആ അപകട രംഗം കയറി വന്നു ..."നിങ്ങള്‍ ക്ക് ഒരു കാല്‍ എങ്ങിനെ എങ്കിലും ഒഴിവാക്കി കൂടായിരുന്നോ ..?" ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി...!!
ആ വെപ്രാളത്തില്‍ അതിനൊക്കെ തോന്നുമോ ? മേരി യാണതു പറഞ്ഞത് .
എല്ലാം കേട്ടു അടുത്ത് നിന്നിരുന്ന മേരിയുടെ കണ്ണ് കള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു .റെയില്‍ പാളങ്ങള്‍ പോലെ അതും കൂട്ടി മുട്ടുന്നില്ല . തോമസ്‌ കണ്ണടച്ചു കിടക്കുകയാണ് . അവരെന്താണാവോ ചിന്തിക്കുന്നത് ..? ആര്‍ക്കറിയാം .?വീണ്ടും എന്തെങ്കിലും ചോദിയ്ക്കാന്‍ അന്നേരം തോന്നിയില്ല .. !!
വാര്‍ഡിലെ എന്റെ കട്ടിലിന്റെ താഴെ കിടന്ന ഉമ്മ എപ്പോഴോ ഉറങ്ങി കാണും.പുതപ്പ് വലിച്ചു ഞാനെന്റെ മുഖത്തേക്ക് കൂടി നീട്ടി ഇട്ടു . എല്ല് പൊട്ടി പ്ലാസ്ടര്‍ ഇട്ട എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളില്‍ കിടന്നു വിങ്ങുന്നു ണ്ട് .. ...അതെ എനിക്ക് വിങ്ങാന്‍ ആ കാല്‍ അവിടെ തന്നെ ഉണ്ട് ..അപ്പുറത്തെ ഒരാള്‍ ..രണ്ടു കാലും നഷ്ടപ്പെട്ട് ..ജീവിതത്തെ തന്നെ മടുത്തു കിടക്കുന്നു ...അല്ലാഹുവേ അദ്ദേഹത്തിന് നീ സമാധാനം നല്‍കണേ ..പുതപ്പിനുള്ളില്‍ നിന്ന് എന്റെ മനസ്സ് പതിയെ മന്ത്രിച്ചു.

വാര്‍ഡില്‍ എല്ലാവരും ഉറക്കമായി എന്ന് തോന്നുന്നു ..ഞാനും ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു . എല്ലാം മറക്കുന്ന ദൈവത്തിന്റെ അനുഗ്രഹമായ ഉറക്കം...അതെന്നെയും തുണച്ചു ..പാതി വഴിയില്‍ ഉറക്കത്തില്‍ നിന്നെപ്പോഴോ ഞാന്‍ ഉണര്‍ന്നു ..കണ്ണുകള്‍ തോമസിന്റെ കട്ടിലി ലേക്കാണ് നേരെ പോയത് ...അവിടെ അയാള്‍ ചാരി ഇരിക്കുന്നു .. ..മൂടി ഇട്ടിരുന്ന പുതപ്പ് മാറ്റി മുറിഞ്ഞ രണ്ടു കാലിന്റെയും ആഗ്ര ഭാഗം നോക്കി, ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യംത്തെ അയാള്‍ തലോടി കൊണ്ടിരുന്നു .
ഞാന്‍ പുതപ്പിനുള്ളിലേക്ക് തല വലിച്ചു ..അടുത്ത് കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി ...സമയം മൂന്നു മണിക്ക് പത്ത് മിനിട്ട് കൂടി ...!!!

4 comments:

  1. കൊള്ളാം, ആശംസകള്‍!

    ReplyDelete
  2. തീവണ്ടി ഒരു വില്ലനായി കടന്നുവരുന്നു. നല്ല കഥ .
    ഇത്തരം നിരവധി അപകടങ്ങള്‍ക് ദൃക്‌സാക്ഷി ആവേണ്ടി വന്നിട്ടുള്ള ഒരു ട്രെയിന്‍ ഡ്രൈവര്‍ ആണ് ഞാന്‍.. , തൊട്ടുമുന്‍പില്‍ ഒരു ജീവന്‍ നഷ്ടമാവുന്നതിനെയും കൈകാലുകള്‍ ചതറി തെറിക്കുന്നതിനെയും നിസ്സഹായനായി കണ്ടിരിക്കാനെ ഞങ്ങള്‍ക്ക് ആകുന്നുള്ളൂ.

    ReplyDelete
  3. നൊമ്പരമായി ഈ കഥ..

    ReplyDelete