ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, June 20, 2013

വായന മരിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്

 എന്റെ വായനാ ദിനം  


ഇന്നലെ യായിരുന്നു ആ ദിനം
ഈ വായനാ ദിനം എങ്കിലും
ഫല പ്രദമായി ഉപയോഗിക്കണം എന്ന്
രാവിലെ തന്നെ തോന്നിയത് കൊണ്ട് ..
ഫേസ്ബുക്കില്‍ വരാന്‍ തോന്നിയില്ല ..
ആരെങ്കിലും എന്തെങ്കിലും ഒക്കെ എഴുതി വെച്ചത്
വായിച്ചു നേരം കളയാന്‍ പറ്റില്ലല്ലോ ..
വര്‍ഷത്തില്‍ ഒരു വായനാ ദിനമല്ലേ നമുക്ക് ഉള്ളൂ ..
ഏതായാലും ഇപ്രാവശ്യത്തെ വായനാ ദിനം
ഗംഭീരമാക്കാന്‍ തന്നെ യായിരുന്നു തീരുമാനം...
രാവിലത്തെ ചായ കുടി കഴിഞ്ഞു ..
കൈ കഴുകി അടുക്കളയില്‍ നിന്ന് പോരുമ്പോള്‍
ബീവിയോടു പറഞ്ഞു ..എനിക്ക് കടുപ്പത്തില്‍ ഒരു ചായ കൂടി
വേണം ...
പുക വലിച്ചു
ശീലം ഇല്ലാത്തതിനാല്‍ കട്ടന്‍ ചായ യില്‍ നിന്നാണ് നമുക്ക് വേണ്ട
സരിതോര്‍ജ്ജം കിട്ടുന്നത് ..
അല്ലെങ്കില്‍ പിന്നെ വല്യ വല്യ സാഹിത്യകാരന്മാരോക്കെ
അവരുടെ ചിന്തകളെയും
ഭാവനാ ലോകത്തെയും വികസിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന
മരുന്ന് ..വേണം ...
അത് ഞമ്മള്‍ക്ക് ഹറാമുമാണ് ...പിന്നെ ആകെ ഉള്ളത്
ഈ സുലൈമാനി (കട്ടന്‍ ചായ ) തന്നെ
ഏതായാലും ...ഞാന്‍ പറഞ്ഞു വന്ന തു മുഴുവനാക്കാം
ഇന്നൊരു പുസ്തകം വായിക്കണം ..അതിനു പറ്റിയ ഒരെണ്ണം
അലമാരയിലെ പഴയ പുസ്തക കൂട്ടങ്ങളില്‍ തപ്പി നോക്കുമ്പോഴാണ് ..
അവള്‍ സുലൈമാനിയുമായി കടന്നു വന്നത് ..
ഇത്ര പെട്ടെന്നൊ ..എന്ന ഭാവത്തില്‍ ഞാനവളെ നോക്കുമ്പോള്‍
താഴേക്കു വലിച്ചിട്ട പുസ്തകങ്ങളിലേക്ക് ആയിരുന്നു അവളുടെ
കണ്ണ് .....
ങേ ..ഇവളും ഇന്ന് വായന ദിനം കൊണ്ടാടിയാല്‍
ഉച്ചക്ക് പട്ടിണി ആകുമല്ലോ ...വായന നമ്മള്‍ ആണുങ്ങള്‍ക്ക്
മാത്രമുള്ള പണിയാണല്ലോ ...അല്ലെ ..?
ഞാന്‍ ഓളോട് പറഞ്ഞു ....ആ പുസ്തകങ്ങള്‍ ഓരോന്നായി ഇങ്ങേടുത്തെ
അലമാരയിലേക്ക് തന്നെ വെക്കട്ടെ ..
അവള്‍ ഒരേ വലിപ്പമുള്ള മൂന്നാല് പുസ്തകങ്ങള്‍ കൂട്ടി പിടിച്ചു എന്റെ
കയ്യിലേക്ക് തന്നു ...ഞാന്‍ അത് അലമാരയുടെ മൂലയിലേക്ക് വെക്കാന്‍
ഒരുങ്ങുമ്പോള്‍ ...നിക്ക് ..നിക്ക് ..വെക്കല്ലേ എന്ന് പറഞ്ഞു
അകത്തേക്ക് പോയി..പിന്നെ തിരിച്ചു വരുന്നത്
ഒരു ബക്കറ്റില്‍ വെള്ളവും ..ഒരു തുണിയും ആയിട്ടായിരുന്നു ..
പുസ്തകം വെക്കുന്നതിനു മുന്നേ അലമാര ഒന്ന് തുടക്കാന്‍ എന്നോടു ..
അവള്‍ നനച്ചു പിഴിഞ്ഞ് തന്ന തുണി കൊണ്ട് അലമാര ഉള്ളും പുറവും
നന്നായി തുടച്ചു ..പുസ്തകമൊക്കെ തിരിച്ചു വെക്കാന്‍ അവളും കൂടി ..
അത് കഴിഞ്ഞപ്പോ ..അവള്‍ പറയാ ..അടുക്കളയിലെ ആ സ്റ്റോര്‍ റൂം കൂടി
നമുക്ക് ഒന്ന് ഒതുക്കി വെക്കാ ..
ഒരു സ്റ്റോര്‍ റൂം അല്ലെ ..പറഞ്ഞത് ചെയ്തു കൊടുത്തില്ല എങ്കില്‍ ..
പിന്നെ വായനക്ക് ഒരു സുഖം കിട്ടില്ല ..
ഞാന്‍ സമ്മതിച്ചു ...നേരത്തെ കൊണ്ട് വന്ന കട്ടന്‍ചായ
ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു..അതെപ്പോഴോ തണുത്തു പോയിരുന്നു ..
പിന്നെ ..അടുക്കളയിലേക്ക് ..അവളുടെ പിറകെ.
സ്റ്റോര്‍ റൂമില്‍ നിന്ന് ഓരോന്നായി പുറത്തേക്ക് വെച്ച് ..
പിന്നെ ക്ലീനിങ്ങും കഴിഞ്ഞു ഓരോന്നായി
തിരിച്ചു വെച്ച് കഴിഞ്ഞപ്പോ ..
അവള്‍ കടുപ്പത്തില്‍ ഒരു കട്ടന്‍ ചായ കൂടി
തന്നു പറയുകയാ ..ഇനി നമുക്കാ വിറകു പുര കൂടി നന്നാക്കാം ..
എന്താ ചെയ്യുക ..ആ പണി തുടങ്ങിയിട്ട് ഇന്നലെ തീര്‍ന്നിട്ടില്ല
ഇതെഴുതി പോസ്റ്റി യിട്ട് വേണം ബാക്കി തീര്‍ക്കാന്‍....

എങ്ങിനെയാണ് വായന മരിക്കുന്നത് ....ഇപ്പോ
മനസ്സിലായില്ലേ ....?
വായന മരിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കു വളരെ വലുതാണ്‌
എന്ന് നാം ആണുങ്ങള്‍ തിരിച്ചറിഞ്ഞേ പറ്റൂ ..!!

Sunday, May 26, 2013

പ്രഭാതത്തിലെ വിരുന്നു കാരന്‍

 
രാവിലെ തന്നെ ...
സിസ്റ്റം ലോഗോണ്‍ ചെയ്യുമ്പോഴാണ്
ജനല്‍ വഴി അത് കണ്ടത്
മതിലിനടുത്തെ മരത്തിന്റെ ഒരു കൊമ്പില്‍ നിന്ന് വേറെ ഒരു കൊമ്പിലേക്ക്
ഒരുവന്‍ വാലിളക്കി ചാടി ചാടി പോകുന്നതു...
ഒരു അണ്ണാറകണ്ണനെ കണ്ടിട്ടും കുറെ ആയ പോലെ
ഒന്നുകില്‍ അവയുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്
അല്ലെങ്കില്‍ അവയെ ഒന്നും കാണാനുള്ള കണ്ണുകള്‍ ,സമയങ്ങള്‍ ,
നമ്മളില്‍ നിന്നും
കൊഴിഞ്ഞു പോയിട്ടുണ്ട് ....
ഒരു കാല മുണ്ടായിരുന്നു
ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് താഴേക്ക് വീഴാതെ
തുള്ളി തുള്ളി തെന്നി നീങ്ങുന്ന അണ്ണാനെ തേടിയും ,
മരപൊത്തിലെ തത്തകുഞ്ഞിനെ തേടിയും
തെങ്ങോല തുഞ്ചത്ത് തൂങ്ങി ആടുന്ന കുരുവി കൂടിനെയും തേടി നടന്ന ഒരു കാലം ...

പണ്ട് തറവാട് വീട് ഓടായിരുന്നു , അന്ന്
കുടുംബ സമേതം എങ്ങോട്ടെങ്കിലും വിരുന്നു പോയി
തിരിച്ചു വീട്ടിലെത്തിയാല്‍..വീട്ടിനുള്ളില്‍
കുടുങ്ങി കിടക്കുന്ന അണ്ണാനെ കണ്ടിട്ടുണ്ട് .
പിന്നെ കുട്ടികാലത്ത് എലിക്കെണി വെച്ചും ,
തേങ്ങാ പൂളിനടുത്തു ചക്ക പശ വെച്ചും ..
അണ്ണാനെ പിടിക്കാനുള്ള ശ്രമങ്ങള്‍ ..
തെങ്ങില്‍ നിന്ന് വീണ ,അണ്ണാന്‍ കുഞ്ഞിനു
പഴവും പാലും കൊടുത്തു പോറ്റിയയതും
അതിനെ കാക്ക കൊണ്ട് പോയതും , ഓര്‍മയിലേക്ക്
ഒരു ഫ്ലാഷ് ബാക്ക് പോലെ തിരിച്ചു വന്നു
പിന്നെ ...അധിക നേരം വേണ്ടി വന്നില്ല ..
പഴയ കുട്ടിക്കാലത്തിലെക്കൊരു മുങ്ങാം കുഴിയിടല്‍
വെറുതെ ചുണ്ട് കൂട്ടി കൊണ്ടൊന്നു ചൂളമടിച്ചു ..
ചാടി ചാടി പോകുന്ന അണ്ണാന്‍ ഒന്ന് നിന്നു
"എന്നെ തന്നെയാണോ വിളിച്ചതു ..?" അവനൊന്നു തിരിഞ്ഞു നോക്കി
നിന്നെ തന്നെയാടാ ..!! എന്ന മട്ടില്‍ ഞാനും
വീണ്ടും വിളിച്ചു ...അവന്‍ മരത്തില്‍ നിന്നും ഇറങ്ങി വന്നു ...
ഇത്രത്തോളം ആയ സ്ഥിതിക്ക് ഇനി ഞാന്‍ അവിടെ തന്നെ ഇരിക്കാന്‍ പറ്റുമോ
വാതില്‍ തുറന്നു ഞാനും പുറത്തിറങ്ങി ..മരത്തില്‍ നിന്നിറങ്ങി
പടി വാതില്‍ക്കല്‍ ക്ഷണവും കാത്തു നില്‍ക്കുന്ന പോലെ
അവന്‍ മതിലില്‍ തന്നെ ഇരിക്കുന്നു ..
ചുണ്ട് കൂട്ടി ,,അവനെ വീണ്ടും വിളിച്ചപ്പോള്‍ അവന്‍ അടുത്തേക്ക്‌
ചാടി യെത്തി ..
വിരുന്നു വരുന്നവനെ സല്ക്കരിക്കാതെ വിടുന്നത് മാന്യത യല്ലല്ലോ
ബീവിയെ ..വിളിച്ചു , അവള്‍ ഓടിവന്നു ..പിന്നെ തിരിച്ചോടി
അടുക്കളയില്‍ പോയി , ഒരു കഷണം ദോശ യുമായി തിരിച്ചു വന്നു ..
അണ്ണാന്‍ കുട്ടന്‍ ദോശ തിന്നുന്നത് കണ്ടപ്പോഴാണ്
എന്റെ ഉള്ളിലെ മലയാളി ഉണര്‍ന്നത് ..
വേഗം ഫോണ്‍ കൊണ്ട് വാ ..ഞാന്‍ ബീവിയോടു പറഞ്ഞു
ഒന്നല്ല രണ്ടു ഫോണുമായി അവള്‍ വന്നു ,
രണ്ടാളെ മൊബൈലിനും ഇഷ്ടന്‍ പോസ് ചെയ്തു ..
മൂപ്പര്‍ക്ക് ദോശ കിട്ടിയാ മതീന്നായി ..
പിന്നെയും കൊണ്ട് വന്നു ഒരു കഷണം ദോശ കൂടി ...
അവളൊരു വീഡിയോ ഷൂട്ടിങ്ങും നടത്തി ..
തിന്നു കഴിഞ്ഞതും , അവന്‍ ചാടി മതിലില്‍ കയറി
നേരെ മരത്തില്‍ എത്തി ..
"ശ്ശോ ..ഇവനെന്തു ജാതിയാ ..ഒരു നന്ദി പോലും
പറയാതെ പോയല്ലോ .."
എന്ത് ചെയ്താലും
നന്ദി കിട്ടാതെ നമ്മളും മടങ്ങില്ലല്ലോ ..സ്വഭാവ ഗുണം!!
എന്തായലും വെറുതെ ഒന്ന് കൂടി വിളിച്ചു നോക്കി
എന്തോ അറിയില്ല ..അവന്‍ പെട്ടെന്ന് തിരിച്ചിറങ്ങി വന്നു
നെരത്തെ ദോശ തിന്ന അതെ സ്ഥലത്ത് വന്നു നിന്നു
കൈ നീട്ടിയപ്പോള്‍ ..കയ്യിലേക്ക് ഇപ്പൊ ചാടും എന്ന ഭാവത്തില്‍
ഇങ്ങോട്ട് കേറണ്ട ..അവിടെ നിന്നാ മതി ,എന്നാ ഭാവത്തില്‍
ഞാനവന്റെ തലയില്‍ തടവി..നല്ല മിനുസം ..
മൊബൈല്‍ അടുത്തേക്ക് കൊണ്ട് പോയപ്പോള്‍ അതിലൊരു
ഉമ്മയും കൊടുത്തു അവന്‍ തിരിച്ചു മതിലില്‍ നിന്ന് മരത്തിലേക്ക്
ചാടി ചാടി ...കാന്തതട്ടയുടെ വലിയ മരത്തിലേക് കയറി മറഞ്ഞു ..
ഇനി നാളെയും പ്രതീക്ഷിക്കാം അല്ലെ ..
ചിലപ്പോ എന്റെ മുത്തു മോന്‍ ചോദിച്ച പോലെ
നാളെ അത് അതിന്റെ ഉമ്മയെയും കുട്ടികളെയും
ഒക്കെ കൂട്ടി വരും ....




 

Saturday, May 25, 2013

മൌന ജാഥ ( മിനി കഥ )


റേഷന്‍ കടയില്‍ ഇന്ന് കൂടി പഞ്ചസാര കൊടുക്കുന്നുണ്ട്
ഓടി കിതച്ചു ..
അവിടെ ചെന്നപ്പോള്‍ ഒടുക്കത്തെ ക്യൂ ..
ആണും പെണ്ണും ഇട കലര്‍ന്ന വരി ...
വരിക്കൊടുവില്‍
സാരിയുടുത്തൊരു വള്‍ മുടിയില്‍ തെച്ചി പ്പൂ ചൂടി ..
എന്തായലും കാര്‍ഡും എടുത്തു ഇറങ്ങിയില്ലേ ..
അവളുടെ പിറകില്‍ ചെന്ന് നിന്ന്...
വരി മെല്ലെ മെല്ലെ മുന്നോട്ടു പോയി...
ഒന്നും മിണ്ടാതെ മൌന ജാഥ പോലെ ..
വായാടിക്കു
മൌനം അസഹ്യമായിരുന്നു ..
മുന്നില്‍ നില്‍ക്കുന്നവളോട്
എന്തെങ്കിലും പറയുക തന്നെ ..
ചുണ്ടുകള്‍ അവളുടെ കാതോട് ചേര്‍ത്ത്
മെല്ലെ ചോദിച്ചു ..
"ഹാ ...നല്ല മണം..
ഇന്നേതു സോപ്പ് തേച്ചാ കുളിച്ചതു ..?"
അവളാനില്പില്‍ നിന്ന് , തലയൊന്നു തിരിച്ചു ...
ആഞ്ഞൊന്നു നോക്കി ..
എന്നിട്ട് പറഞ്ഞു
" കുളിക്ക്യെ ...മൂന്നീസായി ..തലയൊന്നു നനച്ചിട്ട് ..
മാസം രണ്ടായി ,
രണ്ടു മൈല് നടന്നു പോയാ കിട്ടുമൊരു കുടം വെള്ളം ...
അതോണ്ട്പ്പോ എന്താ ചെയ്യ മാപ്ലേ ..."
...പിന്നെ പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല ..
മൌന ജാഥ തുടര്‍ന്നു !!

Thursday, May 23, 2013

തറവാട്ടുകാരുടെ ചിരി (കഥ )

ചിത്രം കടപ്പാട് ഗൂഗിള്‍

തറവാട് പറമ്പ് അളക്കുന്നതും നോക്കി കറപ്പന്‍ പറങ്കി മൂചിയുടെ ചുവട്ടില്‍ ചമ്രം പടിഞ്ഞിരുന്നു . കോന്തു നായരെ അടുത്ത് നിന്നും പലപ്പോഴായി വാങ്ങിയ പണത്തിന്റെ കണക്ക് തറവാട് ഭൂമിയുടെ നടുക്ക് കുറ്റി അടിക്കുന്നിടം വരെ എത്തു മെന്നു കറപ്പന്‍ വിചാരിച്ചി ട്ടുണ്ടാകില്ല ..പറമ്പിന്റെ ആധാരം കോന്തു നായര്‍ എന്നോ വാങ്ങി വെച്ചിട്ടുണ്ട് ....
ഇന്നിത് കച്ചോടംകഴിഞ്ഞാല്‍ സൈതാലി മാപ്ല എന്തെങ്കിലും തരുമോ ....?
തനിക്ക് ഇനി ഒരു അവകാശവും ഇല്ലാന്നാണ് കോന്തു നായര്‍ പറഞ്ഞിരിക്കുന്നത് ...!

ഗള്‍ഫിലുള്ള സലീമിന് വീട് എടുക്കാന്‍ വേണ്ടി യാണ് സൈതാലി മാപ്ല ബ്രോക്കര്‍
അവറു...കാണിച്ചു കൊടുത്ത പറമ്പ് വാങ്ങാന്‍ വന്നത് . സ്ഥലം കറപ്പന്റെത് ആണെങ്കിലും ആധാരം കോന്തു നായരെ കയ്യിലാ ..

ദാ ..ന്താ അവറൂ പറമ്പില്‍ കുറെ കള്ളികളും മണ്ണ് കൂട്ടിയ ചാലുകളും ...സൈതാലിക്ക ബ്രോകറോട് ചോദിച്ചു ...
"കിഴങ്ങും..പൂളയുമോക്കെയായി നല്ല കൃഷി ഉണ്ടാക്കിയ സ്ഥലമല്ലേ ..സൈതാല്യാക്കെ ...ദാണ്ടെ അവിടെ പൂള കൊമ്പ് കുത്തനെ നിക്കുന്നത് കണ്ടില്ലേ ...നല്ല മണ്ണാ ..പൊന്നു വിളയും " ബ്രോകര്‍ ഭൂമിയുടെ മഹത്വം പറഞ്ഞു തുടങ്ങി .

"ന്നാ അളവ് നടത്തല്ലേ ...മൂപ്പരെ .." കോന്തു നായര്‍ വിളിച്ചു ചോദിച്ചു ,
ഉം....ഒരു കൂട്ട് മുറുക്കാന്‍ വായിലിട്ടു ..സൈതാലിക്ക ഒന്ന് മൂളി ...

ബ്രോകര്‍ അവറു പാഞ്ഞു നടന്നു ..പറമ്പിന്റെ നാലതിരില്‍ കുറ്റി അടിച്ചു ..ചൂടി വലിച്ചു കെട്ടി ..അതിര് തിരിച്ചു ....മുറക്കുള്ള അളവൊക്കെ കഴിഞ്ഞു ..മുപ്പത്തിയാറ് സെന്റി നു രണ്ടു പോയിന്റ് കുറവ് ഉണ്ട് . കോല്‍ക്കാരന്‍ (ഭൂമി അളക്കുന്ന ആള്‍ ) ഗംഗാധരന്‍ വിളിച്ചു പറഞ്ഞു .
എല്ലാം കണ്ടും കേട്ടും ..കറപ്പന്‍ പറങ്കി മൂചിയുടെ ചുവട്ടില്‍ തന്നെ ഇരുന്നു . സൈതാല്യാക്ക അടുത്തെ ത്തിയപ്പോ കറപ്പന്‍ ചോദിച്ചു ..അളവ് കഴിഞ്ഞോ തമ്പ്രാ ...?
ഉം.....സൈതാലി കാക്ക ഒന്ന് ഇരുത്തി മൂളി
" നുമ്മക്ക്‌ ഒന്നൂല്ല്യെ .." കറപ്പന്‍ തല ചൊറിഞ്ഞു ..
"അനാക്കെന്താ ഇതില് ..കാര്യം ...നോക്കി നിന്നതാണോ ..."..?
"അല്ലാന്നെ ..നമ്മളെ തറവാട്ടു കാര്‍ ന്നോമാരാ ആ കെടക്കുന്നെ ...ഓര്‍ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ ..." കറപ്പന്‍ പറമ്പിലെ കള്ളി കളിലേക്ക് കൈ ചൂണ്ടി .
സൈതാല്യാക്ക ഒന്നും മിണ്ടിയില്ല ...നേരെ പറമ്പിലെ കള്ളികളുടെ അരികിലേക്ക് നടന്നു .
"അവറൂ ....ബടെ വാ.....ബ്രോക്കറെ ഉറക്കെ വിളിച്ചു ...നായരെ ഇങ്ങളും ബരീന്‍ "
അവ റു തല ചൊറിഞ്ഞു അവിടേക്ക് ചെല്ലുമ്പോ ...സൈതാല്യാക്ക കറപ്പനെ കൈമാടി വിളിച്ചു ..

"എന്താ തമ്പ്രാ ...?" കറപ്പന്‍ ഉടുത്ത തുണിയും കൂട്ടി പിടിച്ചു ഓടിയെത്തി
കറപ്പനെ നോക്കി സൈതാല്യാക്ക ചോദിച്ചു ....." ഇബടെ എന്താ കുഴിചിട്ടത് ..ചക്കര കിഴങ്ങാണോ ...പൂള കൊമ്പോ ..അതോ ചേമ്പോ ?
ചേമ്പും ..കേങ്ങുമൊന്നു ല്ല തമ്പ്രാ ...ഇത് ഞങ്ങടെ മൂത്തുമ്മ യാ ...രണ്ടു കൊല്ലം കഴിഞ്ഞു കുഴിചിട്ടിട്ടു ..
ആ കിടക്കുന്നത് അച്ചാച്ചനാ ...തോട്ടീന്നു പാമ്പ് കടിച്ചു തീര്‍ന്നതാ ...
അച്ഛന്റെ അമ്മയാ ആ കിടക്കുന്നെ ...കറപ്പന്‍ പിന്നെയും തുടര്‍ന്നു ...
സൈതാല്യാക്ക ..അവ റു ന്റെ നേരെ ഒന്ന് തിരിഞ്ഞു ...മുഖത്ത് ഒറ്റ പെട ..ശവകണ്ടി ആണോടാ കച്ചോടം ചെയ്യണേ ...?
പിന്നെ തിരിഞ്ഞത് കോന്തു നായരെ നേരെ ആയിരുന്നു ...കോന്തു നായര്‍ രണ്ടടി പിറകോട്ടു വെച്ച് ..." നായരെ ..ഇങ്ങളൊരു നായരായി പോയി...."ഒന്ന് അമര്‍ത്തി നോക്കി സൈതാല്യക്ക പിറുപിറുത്ത് കൊണ്ട് മുന്നോട്ടു നടന്നു ...
കോന്തു നായര്‍ കറപ്പന്റെ നേരെ തിരിഞ്ഞു " ..നായീന്റെ മോനെ .."
"അല്ല തമ്പ്രാ ..തറവാട്ടു കാര്‍ക്ക് ഒരു കുപ്പിക്കുള്ള പൈസ അതിയാന്റെ അടുത്തുന്നു കിട്ടുന്നു ബിചാരിച്ചു ..."
കോന്തു നായര്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
അത് നോക്കി കറപ്പന്‍ ഒന്ന് പുഞ്ചിരിച്ചു ... ആ ചിരി പിന്നെ പൊട്ടി ചിരിയായ്‌ പറമ്പില്‍ അലയടിച്ചു . ശവകണ്ടിയിലെ തറവാട്ടുകാര്‍ ആ ചിരിക്കൊപ്പം കൂടി !!

റെയില്‍ പാളങ്ങള്‍ : കഥ

ചിത്രം :ഗൂഗിള്‍ കടപ്പാട്
 മഴ മേഘങ്ങള്‍ ഒരുക്കു കൂടി ആകാശത്തിനു മേല്‍ വട്ടം ചുറ്റി നില്‍ക്കുന്നതിനാല്‍ വൈകുന്നേരമായിട്ടും അന്തരീക്ഷത്തിന്റെ വിങ്ങല്‍ മാറിയിട്ടില്ല . ക്വാറിയിലെ കരിങ്കല്‍ പൊടി കൂടി ശരീരത്തില്‍ നിറഞ്ഞതിനാല്‍ ..വിങ്ങലിന്റെ അസഹ്യത ക്കൊപ്പം ചൊറിച്ചിലും കൂടി ..കരിങ്കല്‍ ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ വേണ്ടി കുഴിയെടുക്കുന്ന കംപ്രസറിന്റെ സൈഡില്‍ അല്പം ഗ്രീസ് തേച്ചു . ഒരു ബക്കറ്റില്‍ അല്പം വെള്ളം എടുത്തു തുണി മുക്കി ഒന്ന് തുടച്ചപ്പോള്‍ തന്നെ നീല നിറമുള്ള ബോഡി ക്ക് തിളക്കം കൂടി . കംപ്രസര്‍ ട്രാക്ടര്‍ ഷെഡ്ഡില്‍ കയറ്റി താക്കോല്‍ ട്രാക്ടറുടമയുടെ ഭാര്യയുടെ കയ്യില്‍ കൊടുത്തു .
ഇനിയൊന്നു കുളിക്കണം !
..എന്നാലേ ഈ ചൊറിച്ചിലൊന്നു മാറൂ .. ...
നടത്തം നേരെ പുഴ ക്കരയിലേക്ക് വെച്ച് പിടിച്ചു .
കുപ്പായത്തിന്റെ കീശയിലിരുന്ന ബീഡി കെട്ടും , പേഴ്സം പുഴ കരയിലെ കല്ലിന്‍ മേല്‍ വെക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഹാന്‍സിന്റെ പാക്കിലെ അവസാന പൊടികള്‍ ഇടതു കയ്യിലേക്ക് തട്ടി വലതു കൈ കൊണ്ട് പല്ലിനും ചിറിക്കുമിടയില്‍ തിരുകി ...
ഹാന്‍സിന്റെ വര്‍ണകവര്‍ വെള്ളത്തിലേക്കിട്ടു . പുഴയോളങ്ങള്‍ അതിനെ തിക്കിയും തലോടിയും കളിക്കുന്നത് നോക്കി ഉടുത്ത മുണ്ടും കുപ്പായവും അഴിച്ചു വെള്ളത്തിലെക്കിട്ടു ..

ആകാശത്തിലെ ചുവപ്പ് മാഞ്ഞു തുടങ്ങിയിട്ടുണ്ട് . നനയും കുളിയും കഴിഞ്ഞു അവിടന്ന് നടക്കുമ്പോ , ഉടുത്ത തുണി ശരിക്ക് ഉണങ്ങാഞ്ഞിട്ട് നടത്തത്തിന് വേഗത കിട്ടുന്നില്ല . എങ്കിലും ശരീരം ഒന്ന് തണുത്തിട്ടുണ്ട് .

കയ്യിലെ നനഞ്ഞ മുണ്ട് കഴുത്തില്‍ ചുറ്റി , ഒരു ബീഡിക്ക് തീ കൊളുത്തി തോമസിന്റെ നടത്തം നേരെ റെയില്‍ പാളത്തിനോടു ചേര്‍ന്നുള്ള കവലയിലെ കള്ളുഷാപ്പിന് മുന്നിലാണ് ചെന്ന് നിന്നത് . അര മണിക്കൂര്‍ കഴിഞ്ഞു കാണും .. ഷാപ്പില്‍ നിന്നും പുറത്ത് ഇറങ്ങിയ തോമസ്‌ കവലയിലെ മാര്‍ കെറ്റിലേക്ക് നടന്നു , അന്തി കറുപ്പ് തുടങ്ങിയിട്ടും മാര്‍ കെറ്റിലേ തിരക്ക് ഒഴിഞ്ഞിട്ടില്ല ..ഭൂരിഭാഗം ആളുകളും ദിവസ കൂലി പണി ക്കാര്‍ ആയത് കൊണ്ടാവും നേരം വൈകിയാലും മാര്കറ്റ് ഒഴിയാന്‍ സമയം എടുക്കുന്നത് . കുറച്ചു മീനും പച്ചക്കറിയും വാങ്ങി തോമസ്‌ മാര്‍കെറ്റില്‍ നിന്നും പുറത്തേക്ക് നടക്കുംമ്പോ ഴാണ് .....
ഇന്ന് പൊരി വേണ്ടേ ...? മരച്ചീനി പൊരിച്ചു വില്‍ക്കുന്ന ആളുടെ വിളി ..
"പിന്നേ.. ..വേണം ...എരുവ് ഉള്ളത് ഒരു പാക്ക് എടുത്തോ ..." അയാള്‍ സന്തോഷത്തോടെ ഒരു പാക്ക്‌ പൊതിഞ്ഞെടുത്തു . പത്ത് രൂപ വാങ്ങുമ്പോള്‍ മുഖം തെളിയുന്നത് കണ്ടു .
അയാളുടെ ഊരും പേരും ഒന്നും അറിയില്ല .പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചോദിക്കാര്‍ ഇല്ല . എങ്കിലും എല്ലാ ദിവസവും ഒരു പാക്ക് മരച്ചീനി പൊരി വാങ്ങും. മേരിക്കും അത് നല്ല ഇഷ്ടമാണ് . രാത്രി ഭക്ഷണം കഴിഞ്ഞു നേര കോലായില്‍ പോയിരിക്കും..പാത്രം കഴുകി വെച്ച് മരച്ചീനി പൊരിയുമെടുത്ത് മേരി വരും...പിന്നെ പത്തെ നാല്പതിന്റെ പരശുറാം എക്സ് പ്രസ്‌ ഭൂമി കുലുക്കി പോകുന്നതിന്റെ കാഴ്ച കണ്ണില്‍ നിന്ന് മായുവോളം മേരിയുമൊത്ത് , പൊരിയും തിന്നു ..സംസാരിച്ചിരിക്കും.

ഓരോന്ന് ചിന്തിച്ചു റെയില്‍ പാളത്തിനരികെയെത്തിയതറിഞ്ഞില്ല . തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് ട്രെയില്‍ പുറപ്പെട്ടു വരുന്നതിന്റെ സൈറണ്‍ ..ശബ്ദം ഇങ്ങടുത്തു വരുന്നുണ്ട് ..തോമസ്‌ ശബ്ദം കേള്‍ക്കുന്ന ഭാഗത്തെക്ക് നോക്കി ..അങ്ങ് ദൂരെ ..ട്രെയിനിന്റെ ലൈറ്റ് തെളിഞ്ഞു കൊണ്ടിരിക്കുന്നു . തോമസ്‌ പാളം മുറിച്ചു കടന്നു ...അവിടെ നിന്ന് നോക്കിയാല്‍ തന്നെ വീട് കാണും ...ഒരു രണ്ടു മൂന്നു മിനിറ്റിന്റെ ദൂരം കൂടി ..അത് നടന്നു തീര്‍ക്കുന്നതിനിടക്ക് ...ട്രെയിനിന്റെ ശബ്ദം അടുത്തടുത്തു വന്നു ...തന്റെ പിന്നില്‍ ആ ശബ്ദം ഇരമ്പല്‍ തീര്‍ത്തു...പിന്നെ കുറഞ്ഞു കുറഞ്ഞു കേള്‍ക്കതെയായി .

കോലായില്‍ തന്നെ മേരി കാത്തിരിപ്പുണ്ട് ..കയ്യിലുള്ള മീനും പച്ചക്കറിയും അവളുടെ കയ്യിലേക്ക് കൊടുത്തു ..
" ഇന്നും കുടിച്ചിട്ടുണ്ടാല്ലേ ..? " മേരി ചിരിച്ചു കൊണ്ട് ചോദിച്ചു
"ഇത്തിരി...മാത്രം ..അതിന്റെ പുറത്ത് ഞാന്‍ നിന്നെ അടിക്കുകയോ പള്ള് പറയുകയോ ഒന്നും ചെയ്യുന്നില്ലല്ലോ ..?"...ഒരു സാധാരണ കുടിയന്‍ അല്ല ഞാന്‍ എന്നവളെ വീണ്ടും ബോധ്യ പ്പെടുത്തി .
"ങ്ഹാ ..എന്നാണാവോ ഇനി ആ കലാ പരിപാടി തുടങ്ങുവാ എന്ന് ഈശോക്കറിയാ ...!!" പിടിച്ചു മാറ്റാന്‍ മക്കളെ പോലും എനിക്ക് കര്‍ത്താവ്‌ തന്നില്ലല്ലോ ..." മേരി പതിവ് സങ്കടത്തിലേക്ക് കടന്നു .
"ഇതാ ഞാന്‍ കുടിക്കുന്നത് ...." ഇവിടെ വന്നാ നീ കുട്ടികളില്ലാത്തത്തിന്റെ ദണ്ഡം പറയാന്‍ തുടങ്ങും .
ന്നാ ..ഞാന്‍ പറയുന്നില്ല ...ന്നാലും ഒരു ദിവസമെങ്കിലും കുടിക്കാതെ വന്നൂടെ ....., മേരി അടുക്കളയിലേക്ക് കയറി .
ഒരു ബീഡിക്ക് തീ കൊളുത്തി തോമസ്‌ കോലായിലെ പടിയില്‍ കിടന്നു . ഉയരുന്ന ബീഡിയുടെ പുകചുരുളുകള്‍ ചിന്തകളെ ഉണര്‍ത്തി ..വിവാഹം കഴിഞ്ഞിട്ട് പത്ത് പന്ത്രണ്ടു കൊല്ലമായി ..ഒരു കുട്ടി ഇല്ലാത്തതിന്റെ വിഷമം രണ്ടാള്‍ക്കും നല്ല പോലെ ഉണ്ട് ..രണ്ടു പേരും മാറി മാറി കുറെ മരുന്നുകള്‍ കുടിച്ചു ..ഫലം ഒന്നുമില്ല ..
ഒരു ചേട്ടത്തി മാത്രമേ അവള്‍ക്കു കുടുംബമായി ഉണ്ട് എന്ന് പറയാന്‍ ഉള്ളൂ .താനും വീട് വിട്ടു പോന്നിട്ടു കാലം കുറെ ആയി ..മേരിയെ പ്രേമിച്ചു കെട്ടിയതില്‍ പിന്നെ വീട്ടുകാര്‍ പൂര്‍ണമായും തന്നെ കയ്യൊഴിച്ചു ..തന്നെ വേണ്ടാ എന്ന് വെച്ചവരെ താനും വേണ്ടാ ന്നു വെച്ചു . അമ്മയുടെ ഒരാങ്ങള വല്ലപ്പോഴും വരും.

ഇടക്കൊന്നു നിര്‍ത്തി ..തോമസ്‌ പതിയെ പിന്നെയും സംസാരിച്ചു തുടങ്ങി .അന്നൊരു ബുധനാഴ്ച യായിരുന്നു . പതിവ് കുളിയും നനയും കഴിഞ്ഞു നേരെ നടന്നത് ഷാപ്പിലേക്ക് തന്നെ ..ഷാപ്പിന്റെ പടി വാതില്‍ക്കലേക്ക് കയറിയതും , നേരെ മുന്നിലെ തറയിലിരുന്നു ഒരുത്തന്‍ ചര്‍ദ്ദിക്കുന്നു ....കയറി വരുന്ന എന്നെ അവനൊന്നു നോക്കി ..മുന്‍പ് കണ്ട്‌ പരിചയ മില്ലാത്ത മുഖം, ആദ്യ മായിട്ടാകും കുടിക്കുന്നത് . വായില്‍ നിന്ന് ഒലിക്കുന്ന കേല അവന്‍ കൈ കൊണ്ട് തുടച്ചു കളഞ്ഞു ...."എരണം കെട്ടവന്‍ ..വാള് വെക്കാന്‍ കണ്ട നേരം ..." മനസ്സ് പിറുപിറുത്തു...എന്തോ പിന്നെ അകത്തോട്ടു കേറാന്‍ തോന്നിയില്ല .ഒരു മനം പുരട്ടല്‍ , ഷാപ്പില്‍ നിന്ന് പുറത്തേക്കിറങ്ങി ...അടുത്ത കടയില്‍ നിന്നൊരു സോഡാ വാങ്ങി, പകുതി കുടിച്ചു ..കുപ്പി പെട്ടിയില്‍ തിരുകി ..നേരെ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി നീങ്ങി ....
കള്ളുഷാപ്പില്‍ കൊടുക്കുന്ന പണം കൂടി കൂട്ടി നല്ല മീനെന്തെങ്കിലും വാങ്ങാം . മേരിക്ക് സന്തോഷ മാകും. ഒരു കിലോ ആവോലി മീന്‍ വാങ്ങി പുറത്ത് കടന്നു .
നേരെ മരച്ചീനി പൊരി വില്‍ക്കുന്നിടത്തെക്ക് നോക്കി ..തന്റെ വരവും കാത്തിരിക്കുന്ന പോലെ അയാളുടെ മുഖം തന്റെ നേരെ തിരിഞ്ഞു നില്‍ക്കുന്നത് കണ്ടു ...

അയാളില്‍ നിന്ന് പൊരിയുടെ കീസും വാങ്ങി മുന്നോട്ടു നടന്നു ,
മനസ്സില്‍ ...കുടിക്കാതെ വീട്ടില്‍ ചെല്ലുന്നതിന്റെ രസം..മേരി എന്ത് പറയും.....? സന്തോഷിക്കുമോ ..?

ഇളം കാറ്റിന് ഡീസലിന്റെ മണം ... സ്റ്റെഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന്റെ സൈറണ്..ദൂരെ നിന്ന് ഉയര്‍ന്നു കേട്ടു...അതങ്ങിനെ സ്പീഡ്‌ കൂടി കൂടി ഇങ്ങടുത്തു എത്തുമ്പോഴേക്കു താന്‍ മേരിയുടെ അടുത്ത് എത്തിയിട്ടുണ്ടാകും...
നടന്നു റെയില്‍ പാളത്തിനു അരികെ എത്തി .. അങ്ങ് ദൂരെ ട്രെയിനിന്റെ ലൈറ്റ് കാണാന്‍ തുടങ്ങി ..പാളത്തിലേക്ക് കാല്‍ വെച്ച് മുറിച്ചു കടക്കാന്‍ തുടങ്ങി ..പെട്ടെന്ന് കാലൊന്നു സ്ലിപ് ആയി....കാലിന്റെ പെരുവിരല്‍ ഏതോ ഇരുമ്പ് തുളയില്‍ കേറി കുടുങ്ങിയത് പോലെ ...!!!
ആഞ്ഞു പുറത്തോട്ടു വലിച്ചു ..
ട്രെയിനിന്റെ ഇരമ്പലും വെളിച്ചവും അടുത്തെ ത്തിയതറിഞ്ഞു ...
വെപ്രാളവും ഭയവും തലയില്‍ പെരുത്തു കയറി ..കാലു ആഞ്ഞു വലിച്ചു കൊണ്ട് ഉറക്കെ ആര്‍ത്തു നിലത്തേക്ക് വീണു .......!!

കണ്ണ് തുറന്നപ്പോള്‍ ..ആശുപത്രിയിലാണെന്ന് അറിഞ്ഞു ..ബോധം വന്നപ്പോള്‍ അരക്ക് താഴേക്കുള്ള മരവിപ്പ് ..വൈകാതെ ആ സത്യം ഞാന്‍ തിരിച്ചിറിഞ്ഞു ..തന്റെ രണ്ടു കാലും നഷ്ടപെട്ടിരിക്കുന്നു .. .ഒരു കാല്‍ മുട്ടിനു താഴെ റെയില്‍ പാളത്തില്‍ തന്നെ മുറിഞ്ഞു വീണു ..മറ്റേ കാല്‍ ആശുപത്രിയില്‍ വെച്ച് തന്നെ മുട്ടിന്റെ ഭാഗത്ത് നിന്നും മുറിച്ചു മാറ്റി ...ശരീരത്തിന്റെ മരവിപ്പ് മനസ്സിലേക്ക് കൂടി ബാധിച്ചു

തോമസ്‌ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ..അത് വരെ കേട്ട് കൊണ്ടിരുന്ന ...
എന്റെ മനസ്സിലേക്ക് ആ അപകട രംഗം കയറി വന്നു ..."നിങ്ങള്‍ ക്ക് ഒരു കാല്‍ എങ്ങിനെ എങ്കിലും ഒഴിവാക്കി കൂടായിരുന്നോ ..?" ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി...!!
ആ വെപ്രാളത്തില്‍ അതിനൊക്കെ തോന്നുമോ ? മേരി യാണതു പറഞ്ഞത് .
എല്ലാം കേട്ടു അടുത്ത് നിന്നിരുന്ന മേരിയുടെ കണ്ണ് കള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു .റെയില്‍ പാളങ്ങള്‍ പോലെ അതും കൂട്ടി മുട്ടുന്നില്ല . തോമസ്‌ കണ്ണടച്ചു കിടക്കുകയാണ് . അവരെന്താണാവോ ചിന്തിക്കുന്നത് ..? ആര്‍ക്കറിയാം .?വീണ്ടും എന്തെങ്കിലും ചോദിയ്ക്കാന്‍ അന്നേരം തോന്നിയില്ല .. !!
വാര്‍ഡിലെ എന്റെ കട്ടിലിന്റെ താഴെ കിടന്ന ഉമ്മ എപ്പോഴോ ഉറങ്ങി കാണും.പുതപ്പ് വലിച്ചു ഞാനെന്റെ മുഖത്തേക്ക് കൂടി നീട്ടി ഇട്ടു . എല്ല് പൊട്ടി പ്ലാസ്ടര്‍ ഇട്ട എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളില്‍ കിടന്നു വിങ്ങുന്നു ണ്ട് .. ...അതെ എനിക്ക് വിങ്ങാന്‍ ആ കാല്‍ അവിടെ തന്നെ ഉണ്ട് ..അപ്പുറത്തെ ഒരാള്‍ ..രണ്ടു കാലും നഷ്ടപ്പെട്ട് ..ജീവിതത്തെ തന്നെ മടുത്തു കിടക്കുന്നു ...അല്ലാഹുവേ അദ്ദേഹത്തിന് നീ സമാധാനം നല്‍കണേ ..പുതപ്പിനുള്ളില്‍ നിന്ന് എന്റെ മനസ്സ് പതിയെ മന്ത്രിച്ചു.

വാര്‍ഡില്‍ എല്ലാവരും ഉറക്കമായി എന്ന് തോന്നുന്നു ..ഞാനും ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു . എല്ലാം മറക്കുന്ന ദൈവത്തിന്റെ അനുഗ്രഹമായ ഉറക്കം...അതെന്നെയും തുണച്ചു ..പാതി വഴിയില്‍ ഉറക്കത്തില്‍ നിന്നെപ്പോഴോ ഞാന്‍ ഉണര്‍ന്നു ..കണ്ണുകള്‍ തോമസിന്റെ കട്ടിലി ലേക്കാണ് നേരെ പോയത് ...അവിടെ അയാള്‍ ചാരി ഇരിക്കുന്നു .. ..മൂടി ഇട്ടിരുന്ന പുതപ്പ് മാറ്റി മുറിഞ്ഞ രണ്ടു കാലിന്റെയും ആഗ്ര ഭാഗം നോക്കി, ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യംത്തെ അയാള്‍ തലോടി കൊണ്ടിരുന്നു .
ഞാന്‍ പുതപ്പിനുള്ളിലേക്ക് തല വലിച്ചു ..അടുത്ത് കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി ...സമയം മൂന്നു മണിക്ക് പത്ത് മിനിട്ട് കൂടി ...!!!