ഏറ്റവും പുതിയ പോസ്റ്റുകള്‍

Tuesday, August 28, 2012

തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം നാല്

സക്കീര്‍ കിടന്നിടത്ത് നിന്നും ചാടി എണീറ്റു. ലൈറ്റിട്ടു. അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ നിനക്ക് വട്ടായോ...” ഷാഹിനയുടെ മുഖം ഗൌരവത്തില്‍ തന്നെ ...

അവള്‍ പറഞ്ഞു

“ ഇക്കാ എനിക്ക് വട്ടോന്നുമില്ല ,ഞാന്‍ നല്ലവണ്ണം ആലോചിച്ചിട്ടു തന്നെയാ പറയുന്നത്. രണ്ടാമത് ഒന്ന് കൂടി കെട്ടുന്നതില്‍ ഇസ്ലാമില്‍ തെറ്റൊന്നുമില്ല ല്ലോ ...പിന്നെ ഒരു വിധവയെ വിവാഹം ചെയ്യുന്നത് പുണ്യവും ആണ്.

സക്കീറിന് ആകെ ചൂട് കേറി...അയാള്‍ പറഞ്ഞു..

“ മതി നിന്റെ ....., നീ പറയുന്നതെല്ലാം നല്ല കാര്യമാണല്ലോ എന്ന് മനസ്സിലാക്കിയിട്ടാണ് ഞാന്‍ നീ പറയുന്നതിനൊക്കെ കൂട്ട് നില്‍ക്കുന്നത് . ഇനി ഇമ്മാതിരി വര്‍ത്താനം ഒന്നും എന്റടുത്തു മിണ്ടരുത്. “

"ഇക്കാ ...ഞാന്‍ ഈ പറയുന്ന കാര്യവും ഏറ്റവും നല്ലതല്ലേ .....അല്ലാഹുവിന്റെ റസൂല്‍ നമുക്ക്‌ ജീവിച്ചു കാണിച്ചു തന്നതല്ലേ ...വിധവയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലേ....???"

സക്കീറിന്റെ ശബ്ദം അല്പം ഉച്ചത്തില്‍ ആയി....

” അവളുടെ വിധിയാണ് അവള്‍ക്കു വന്നത് .അത് അള്ളാഹു ഇച്ച്ചിച്ച പോലെ നടക്കും...ഇനി നീ സലീന ,ചങ്ങായിചി എന്ന് പറഞ്ഞു നടക്കേണ്ട..ഇന്നത്തോടെ ഇത് നിര്‍ത്തണം. നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാ എന്റെ കൈ നിന്റെ മേല്‍ വെക്കത്ത്തത് ...പറയുന്നതിനും ഒരു അതിരില്ലേ "

സക്കീറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലായി....

ഉറങ്ങി കിടന്ന ആ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. സക്കീരില്‍ നിന്നും ഉയര്‍ന്ന ശബ്ദം മറ്റുള്ളവരും കേട്ടിരിക്കുന്നു.

എന്ത് പറ്റി എന്നാ ചിന്തയോടെ ഉമ്മ വാതിലില്‍ തട്ടി വിളിച്ചു : “ ..ശാഹിനാ ..ശാഹിനാ .."

കാര്യം എന്തെന്നറിയാതെ ഷുക്കൂറും ഭാര്യ നസീമയുമൊക്കെ ഉറങ്ങാന്‍ കിടന്നിടത്ത് നിന്നും എണീറ്റ് വന്നു...

സക്കീര്‍ വാതില്‍ തുറന്നു...

"എന്താ ശാഹിനാ ഇക്കാലം വരെ പതിവില്ലാത്ത ഒന്ന് ....”

മറുപടി പറഞ്ഞത് സക്കീര്‍ ആയിരുന്നു ....” ഉമ്മന്റെ മോള്‍ക്ക്‌ ഭ്രാന്ത് കേറിയിട്ടുണ്ട്. ആ സലീന യോടുള്ള സ്നേഹം തലക്ക് കേരിയുള്ള ഭ്രാന്ത് . അവളെ ഞാന്‍ കല്യാണം കഴിക്കണമെന്ന്....”

അത് കേട്ട ഷാഹിനന്റെ ഉമ്മ തലയില്‍ കൈവെച്ചു പോയ്‌....." ഇന്റെ മേലായ റബ്ബേ ......ഇന്റെ കുട്ടിക്കെന്തു പറ്റീ"

അവര്‍ ഷാഹിനന്റെ അടുത്തേക്ക് ചെന്നു അവള്‍ കമിഴ്ന്നു കിടന്നു കരയുകയാണ്.. “ പടച്ചവനെ... കെട്ടിയവന്‍ മറ്റൊരുത്തിയെ കല്യാണം കഴിച്ചതിനു കരയുന്ന പെണ്ണുങ്ങള്‍ ഉണ്ട്. ഇത് നേരെ തിരിച്ചാണല്ലോ. “

ഷാഹിന ....ഷാഹിനാ ....ഉമ്മ അവളെ കുലുക്കി വിളിച്ചു

ഷാഹിന ഒന്നും പറയുന്നില്ല അവള്‍ ഏങ്ങലടിച്ചു കരയുന്നു....സക്കീര്‍ വാതില്‍ തുറന്നു കൊലായിലെക്കിറങ്ങി ..അവിടെ ഒരു കസേര വലിച്ചിട്ട് ഇരുന്നു.

അയാള്‍ അകെ അസ്വസ്ഥനായി.....ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണിത് ..ആ സലീനയോടുള്ള സ്നേഹം അവളുടെ തലയില്‍ കേറിയതാ,,, കാര്യം നല്ലതൊക്കെ തന്നെയാ..പക്ഷെ ......

തന്റെ മുല്ലയെ അല്ലാതെ വേറെ ഒരുത്തിയെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ പോയിട്ട് സങ്കല്‍പ്പിക്കാന്‍ വരെ തന്നെ കൊണ്ട് കഴിയില്ല . ചിന്തകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി .

ഏറെ നേരത്തെ ഇരുത്തത്തിനു ശേഷം ....സക്കീര്‍ മെല്ലെ ഷാഹിനയുടെ അടുത്തെത്തി .അവളുടെ അടുത്തു ഇരുന്നിരുന്ന ഉമ്മയോട് പോയി കിടക്കാന്‍ പറഞ്ഞു. .

“ മോളെ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു.....”

ഷാഹിന മെല്ലെ ചെരിഞ്ഞു കിടന്നു .

“ ഇക്കാ ഞാന്‍ പറയുന്നത് ഉള്ളില്‍ തട്ടി തന്നെയാ ..നല്ലവണ്ണം ആലോചിച്ചു.... “ കണ്ണ് തുടച്ചു കൊണ്ടവള്‍ പറഞ്ഞു.

വീണ്ടും ആ ചര്‍ച്ച തുടരാന്‍ സക്കീര്‍ ആലോചിച്ചില്ല

“ മുല്ല ഇപ്പോള്‍ ഉറങ്ങു.. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് നാളെ തീരുമാനിക്കാം ...ഇനിയും സമയം ഉണ്ടല്ലോ ...” സക്കീര്‍ ലൈറ്റ് ഓഫ് ചെയ്തു കട്ടിലില്‍ കിടന്നു .

ഉറക്കം വരുന്നില്ല ..ഓരോ ആലോചനകള്‍ മനസ്സിലേക്ക് കേറി വരുന്നു.. ഇവിടന്നു എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ചു പള്ളിക്കര വീട്ടില്‍ എത്തണം .അന്തരീക്ഷം മാറുമ്പോ അവളില്‍ മാറ്റം വരും..സലീനയെ ബന്ധപ്പെടാനുള്ള അവസരം ഇനി കുറക്കണം .

പക്ഷെ ഒരു ഉള്ഭയം ..മുല്ലയുടെ തീരുമാനം ഉറച്ചതാകുമോ ,അത് മാറ്റാന്‍ തനിക്ക് കഴിയുമോ ,,

ഇവളുടെ സ്വഭാവം വെച്ച് അതിനു സാധ്യത വളരെ കുറവാണ്. ഇക്കാലത്തിനിടക്ക് അവളെടുത്ത ഒരു തീരുമാനവും ഒരു അംശം പോലും മാറ്റേണ്ട ആവശ്യം തനിക്ക് വന്നിട്ടില്ല .ഏതുകാര്യം തീരുമാനിചാലും അത്ര മാത്രം ശരിയുടെ അംശം അതില്‍ കൂടിയിരിക്കും. എന്താ ചെയ്യുക....മുല്ലക്ക് പകരം ഈ നെഞ്ചില്‍ മറ്റൊരുവളെ ... ........

“പടച്ചവനെ നീ ഒരു വഴി കാണിച്ചു തരണേ....” എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചു സക്കീര്‍ നെഞ്ചോട്‌ ഒട്ടി കിടക്കുന്ന ശഹിനയെ ഒന്നുകൂടി അണച്ച് ചേര്‍ത്തു ........."

അവളുടെ ആ മൂര്ത്താവില്‍ ഒരു ചുംബനം നല്‍കുമ്പോള്‍ സക്കീരില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഷാഹിന പോലും അറിഞ്ഞില്ല .

"ഈ താത്ത എന്താ ഇങ്ങിനെ ..???..ഇക്കാലത്ത് ആരെങ്കിലും പറയുമോ ഇങ്ങനെ "

വീണ്ടും ഉറങ്ങാന്‍ കിടന്ന ശുക്കൂറിന്റെ അടുത്ത് കിടന്നു കൊണ്ട് നസീമ ചോദിച്ചു...

"നിനക്ക് ഇത്തായും ആ സലീനയും തമ്മിലുള്ള സ്നേഹം അറിയാഞ്ഞിട്ട..."

'കുറെയൊക്കെ ഞാന്‍ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .എന്നാലും ഇങ്ങിനെയുണ്ടാകുമോ ഒരു സ്നേഹം " നസീമ ചോദിച്ചു

"ആ സലീനയും ഇത്തായും ചെറുപ്പംമുതലേ കൂട്ടുകാരികളാ ,, സലീനയുടെ ഉപ്പ അവള്‍ക്കെന്തു അവങ്ങി കൊടുത്താലും അതുകൊണ്ട് അവള്‍ ഓടി വരിക ഇങ്ങോട്ടാ...എന്നിട്ട് ഇത്താത്ത അത്തില്‍ നിന്നും കുറച്ചെടുത്ത് ബാക്കി അവള്‍ക്കു കൊടുക്കണം,,,"

ഇത്തയുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ പോലും , ഇത്ത അവളുടെതുകൂടി ഉറപ്പിച്ചിട്ട് മതി എന്ന് വാശി പിടിച്ചതാ, പിന്നെ എല്ലാരുടെയും നിര്‍ബന്ധത്തിച്ചു ..എന്നിട്ടും ... ഇത്ത സമ്മതിച്ചില്ല ..അവസാനം സലീന കരഞ്ഞാ അവളെ സമ്മതിപ്പിച്ചത്..... കല്യാണത്തിന്റെ മുന്നേ ഒരു ദിവസം പോലും രണ്ടാളും തമ്മില്‍ കാണാതിരുന്നിട്ടില്ല . "ശുക്കൂര്‍ ഒന്ന് നിര്‍ത്തി

"ഇന്നാലും ആ സക്കീര്‍ ഇക്കാക്കനോട് പറയാന്‍ ഇത്ത്ക്ക് തോന്നിയല്ലോ..."

"അളിയന്‍ എന്ത് തീരുമാനമെടുക്കും എനനാര്‍ക്കരിയാം "

അല്പ നേരം ശുക്കൂര്‍ ഒന്നും മിണ്ടിയില്ല ..പിന്നെ മെല്ലെ നസീമയോടു

"അല്ലാ നിനക്കില്ലേ ഇതേ പോലത്തെ ചങ്ങാതി മാരോന്നും..."

"എന്തേ ......"

"നീ എന്നോട് ഒന്ന് പറഞ്ഞു നോക്ക് ഇതുപോലെ ...ഞാന്‍ അപ്പൊ റെഡി "ശുക്കൂര്‍

"അയ്യട ,,ഞാന്‍ മരിച്ചാലും നിങ്ങളെ കൊണ്ട് വേറെ കെട്ടിപ്പിക്കൂല ..റൂഹാനി ആയി വരും നിങ്ങളുടെ അടുത്ത് "

ആ തമാശയില്‍ കെട്ടിപിടിച്ചു അവരും അവരുടെതായ ലോകത്തിലേക്ക്‌ പറന്നു...

ഷാഹിനയുടെ കരച്ചില്‍ കേട്ടാണ് സക്കീര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത് ..എപ്പോഴോ കിട്ടിയ ഉറകക്ത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ ക്കവസാനം വന്ന ശബ്ദം ഷാഹിന യുടേത് ആയിമാറിയിരിക്കുന്നു ...

വേഗം ലൈറ്റിട്ടു . ..

ഷാഹിന വയറിന്റെ അടി ഭഗം അമര്‍ത്തി പിടിച്ചു .കരയുന്നു

മുല്ലേ ...എന്തെ മോളെ ..മുല്ലേ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു...

സക്കീറിന്റെ കൈ മുറുകെ പിടിച്ചവള്‍ വേദന കൊണ്ട് ഞെളി പിരി കൊണ്ട്. ..

സക്കീര്‍ പോയി....ശുക്കൂര്‍ കിടക്കുന്ന വാതിലിനു മുട്ടി വിളിച്ചു..

അണഞ്ഞ വിളക്കുകള്‍ വീണ്ടും തെളിഞ്ഞു ആ വീട്ടില്‍

.....വീട്ടില്‍ എല്ലാവരും എണീറ്റു.

ഷാഹിനയുടെ പുളയല്‍കണ്ടു അവളുടെ ഉമ്മ കരയാന്‍ തുടങ്ങി. ഷുക്കൂറിന്റെ ഭാര്യ നസീമ കൊണ്ട് വന്ന ചുടു വെളളം മെല്ലെ അവള്‍ കുടിച്ചു.. “വാ മുല്ലേ ഡ്രസ്സ്‌ മാറ്റ് നമുക്ക്‌ ഹോസ്പിറ്റലില്‍ പോകാം...

“ വേണ്ട ഇക്ക ഇപ്പോള്‍ ആശ്വാസം ഉണ്ട് ....ചിലപ്പോ ഇന്നലെ രാത്രി ആ ചെമ്മീന്‍ പൊരിച്ചതു തിന്നിട്ടാകും .

.” ഉമ്മ നിങ്ങള്‍ അവളുടെ ഡ്രസ്സ്‌ ഒന്ന് മാറ്റി കൊടുക്ക് . ഒന്ന് ഹോസ്പിറ്റലില്‍ പോയി വരാം .. സക്കീര്‍ പറഞ്ഞു.

ഉമ്മയും അത് തന്നെ പറഞ്ഞു. ഷുക്കൂറും ഉമ്മയും കൂടെ പോകുവാന്‍ ഒരുങ്ങി.

സക്കീര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. എന്തൊക്കെയോ അസ്വസ്ഥതകള്‍ തന്നിലേക്ക് വരുന്നു...മനസ്സ് പിടിച്ചിടത്ത് നില്‍ക്കുന്നില്ല. ഉറക്കത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ കൂടി സക്കീറിന്റെ മനസ്സിലേക്ക് തികട്ടി വന്നു...

നേരം പുലരാന്‍ ഇനിയും അധികമില്ല . ആ തൂവെള്ള ഓമ് നീ വാന്‍ അവരെയും കൊണ്ട് ക്രസന്റ് ഹോസ്പിറ്റലിന്റെ മുന്നില്‍ എത്തി. ആശുപത്രിയിലേക്ക് വേദനയാല്‍ പുളയുന്ന ഷാഹിനയെയും കൊണ്ട് കയറുമ്പോള്‍

അങ്ങകലെ പള്ളിയില്‍ നിന്നും സുബഹി ബാങ്കിന്റെ അലയൊലികള്‍ മുഴങ്ങി....

തുടരും.................

Sunday, August 26, 2012

തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം മൂന്ന്

“ ഉപ്പയെ കാണുന്നില്ല ല്ലോ......എത്ര നേരമായി കാത്തിരിക്കുന്നു.... “ നുബു പുറത്ത് വന്നു നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു. “ അവിടെ ഷോപ്പില്‍ ആരെങ്കിലും വന്നു കാണും....അതാകും വരാന്‍ നേരം വൈകുന്നത് ...” ഷാഹിന മകനോടു പറഞ്ഞു.

“ മാറ്റി നിന്നോളു എന്ന് പറഞ്ഞു പോയതാ.... എന്തെ ഇത്ര നേരം വൈകാന്‍....”

ഒന്ന് വിളിച്ചു നോക്കിയാലോ .....

ഷാഹിന അകത്തു പോയി ഫോണ്‍ ഡയല്‍ ചെയ്തു. ബെല്ലടിക്കുന്നു...

അങ്ങേത്തലക്കല്‍ ഫോണ്‍ എടുക്കുന്ന ശബ്ദം...

ഹെലോ ..

“ രാജീവ്‌ ....ഇക്ക എവിടെ .....”

“ ദാ ..ഇപ്പൊ ഇവ്ടന്നു പോന്നതെയുള്ളൂ ...ലക്ഷ ദീപിലെ ഒരു പാര്‍ട്ടി വന്നിരുന്നു അതാ നേരം വൈകിയതു..”

“ എന്നാല്‍ ശരി “ ഷാഹിന ഫോണ്‍ വെച്ച് . പുറത്തേക്ക് കണ്ണോടിച്ചു ഇക്കയുടെ വരവും നോക്കിയിരുന്നു.. നുബുവും ആബിയും ലിയയെയും എടുത്തു കൊണ്ട് പോര്‍ച്ചിലെ ചെടികളും നോക്കി ..ഇക്കയുടെ വരവും കാത്തു നില്‍ക്കുകയാണ്. ശാഹിനയും ഗേറ്റിലേക്ക് കണ്ണോടിച്ചു നിന്നു ..

..... എത്ര വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നത്, ഇക്ക ഗള്‍ഫിലെ ഒഴിവാക്കി വന്നിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം ആവാറായി. നാട്ടില്‍ വന്നു കയ്യിലുള്ള പണം കൊണ്ട് ഒരു വില്‍പ്പനക്ക് വെച്ച ഫര്‍ണിച്ചര്‍ ഷോപ്പ്‌ വാങ്ങിയതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പെട്ടന്നായിരുന്നു അതിന്റെ വളര്‍ച്ച. ഇന്ന് ഇക്കയ്ക്ക് മൂന്നു ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ ഉണ്ട്, എല്ലായിടത്തേക്കും വേണ്ട ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ സ്വന്തമായി വുഡ് ഇന്ട്രസ്ട്രിയല്‍ ഉണ്ട്. എല്ലായിടത്തും കൂടി ഇരുപതോളം ജോലിക്കാരും. ഇപ്പൊ തിരക്കോട് തിരക്കാണ്.സ്വന്തം ഷോപ്പിലേക്ക് മാത്രമല്ല പുറത്തെക്കുള്ള ഓര്‍ഡര്‍ എടുക്കാനും ഇക്ക തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നില്‍ക്കുന്ന കാലത്തു ഓരോ പ്രാവശ്യം കത്തെഴുതുംപോഴും ചോദിക്കും നാട്ടില്‍ വന്നാല്‍ എന്ത് ജോലിയാ ചെയ്യുക..നിര്‍ത്തി പോന്നവര്‍ വീണ്ടും ഈ മണ്ണിലേക്ക് തന്നെ തിഇരിച്ചു പറക്കുന്നു...

.അന്നൊക്കെ ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോ പുതിയ ഓര്‍ഡര്‍ വരുമ്പോഴും ഇക്ക പറയും എന്റെ മുല്ലയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് എന്ന്. എല്ലാം അല്ലഹുന്റെ അനുഗ്രഹം. അല്ലാതെ എന്താ... എല്ലാം അവനെ ഭാരമെല്പ്പിച്ചാല്‍ വഴികള്‍ ആ റബ്ബ് തുറന്നു തരും.

എന്നാലും ഒന്നും കാണാന്‍ ഇപ്പൊ വപ്പച്ചി ഇല്ലല്ലോ .. ആ സങ്കടം മാത്രം.

വാപ്പയില്ലാത്ത തനിക്ക് ഒരു വാപ്പയുടെ എല്ലാ സ്നേഹവും തന്നു വാപ്പച്ചി .ഒരിക്കലും മരുമകള്‍ എന്ന രൂപത്തില്‍ തന്നെ കണ്ടിട്ടില്ല . ഒരു കാര്യവും കയര്‍ത്തു പറയുകയുമില്ല . ഉമ്മയോടും ഇടക്കിടെ പറയും " ശാഹിനാന്റെ കണ്ണീര്‍ ഈ പുരയില്‍ ഒരിക്കലും വീഴരുത്. അവളൊരു യതീം ആയിട്ടാണ് വളര്‍ന്നത്‌." യതീം ആയി വളര്‍ന്ന തനിക്ക് വിവാഹ പ്രായ മെത്തിയപ്പോ ആദ്യം കാണാന്‍ വന്നത് വാപ്പച്ചി ആയിരുന്നു. അതിനു ശേഷമാണ് ഇക്കയെ പറഞ്ഞയച്ചത്. സ്ത്രീധന്മൊന്നും പറയാതെ തനിക്ക് ഒരു കല്യാണം വന്നത് അറിഞ്ഞപ്പോ തന്നെ കൂട്ടുകാരികള്‍ ക്കെല്ലാം അതിശയമായിരുന്നു. ഒക്കെ റബ്ബിന്റെ തുണ. എത്ര പേരാണ് സ്ത്രീധനം കൊടുക്കാന്‍ വകയില്ലാത്തത്തിന്റെ പേരില്‍ പുര നിറഞ്ഞു മാതാപിതാക്കളുടെ കണ്ണീരായി മാറുന്നത്. പണക്കാര്‍ തങ്ങളുടെ മക്കളെ നൂറും അതിലേറെയും പൊന്നും ലക്ഷങ്ങള്‍ സ്ത്രീധനവും ഒക്കെ കൊടുത്തു വിവാഹം ചെയ്തു വിടുമ്പോള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ യൌവ്വനം പേറി വീട്ടില്‍ കഴിയുന്നു.

സ്ത്രീധനത്തിന്റെ ദുരവസ്ഥ അവളെ സലീനയുടെ ഒര്മാകളിലെക്കെതിച്ചു ....സലീന അവളുടെ അയല്‍ക്കരിയാണ്. ഏറ്റവും അടുത്ത ആ കൂട്ടുകാരിയുടെ അവസ്ഥ ശാഹിനയില്‍ എപ്പോഴും ഒരു വിങ്ങല്‍ ആണ്., സലീന സ്കൂളിലും മദ്രസയിലുമെല്ലാം തന്നോടൊപ്പം പഠിച്ചവള്‍. . വളരെ കഷ്ടപെട്ടാണ് അവളുടെ ഉപ്പ അവളെ കെട്ടിച്ചയച്ചത്.അതും തന്റെ കല്യാണം കഴിഞു രണ്ടു കൊല്ലം കഴിഞ്ഞു. കല്യാണം കഴിഞ്ഞ കുറച്ചു കഴിഞ്ഞപോ തന്നെ ഉള്ള സ്വര്‍ണ മെല്ലാം വിറ്റ് സലീനയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലേക്ക് പോയി. ഒരു കണ്സ്ട്രക്ഷന് കമ്പനിയില്‍ താല്‍ക്കാലിക ജോലി കിട്ടി..എല്ലാം കരകയറും എന്ന് വിചാരിച്ചിരുന്ന അവള്‍ക്കു വല്ലാത്ത ഒരു ദുരന്തമാണ് വന്നെത്തിയത് .. ജോലി സ്ഥലത്തെ ഒരു ബില്‍ഡിംഗ്‌ന്റെ മുകളില്‍ നിന്നും വീണു ഭര്‍ത്താവ് മരണപെട്ടു. മയ്യിത്ത്‌ പോലും അവള്‍ കണ്ടില്ല . അവിടെ തന്നെ ഖബറടക്കം നടന്നു. കമ്പനിക്ക് പുറത്തുള്ള ജോലിക്കാരന്‍ ആയതിനാല്‍ കമ്പനിയില്‍ നിന്നും ഒന്നും കിട്ടിയതു മില്ല . ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നേ സലീന ഗര്‍ഭിണിയുമായി..

ഇന്നിപ്പോള്‍ ഒരാണ്‍ കുട്ടിയുമായി അവള്‍ വിധവ യായി കഴിയുന്നു. പുതിയ കല്യാണോലോചനകള്‍ വന്നെങ്കിലും ഭാരിച്ച സ്ത്രീധനവും ,യതീം ആയ മകനും തടസ്സങ്ങളായി. കഷ്ടപ്പെട്ട് കല്യാണം കഴിച്ചു രണ്ടര മാസത്തെ ദാമ്പത്യ ജീവിതം. അതിന്റെ അനന്തരഫലമോ.. കഷ്ടപാടുകളും ദാരിദ്ര്യവും. അവളുടെ വാപ്പയും കൂടി മരിച്ചപ്പോള്‍ തികച്ചും മറ്റുളളവരുടെ ആശ്രയത്തിലായി അവളും ഉമ്മയും ആ മോനും. നേരത്തെ കല്യാണം കഴിഞ്ഞ ആങ്ങള നാത്തൂന്‍ പറഞ്ഞ തിനു അപ്പുറം ചവിട്ടുകയില്ല . താന്‍ വീട്ടില്‍ പോകുമ്പോഴൊക്കെ ഇക്കയോടു പറഞ്ഞു ആ മോന് പലഹാരങ്ങളും ഡ്രെസ്സും ഒക്കെ വാങ്ങിപ്പിക്കും. അവള്‍ക്കും വാങ്ങിപ്പിക്കും ഡ്രസ്സ്‌ . പൈസയും കൊടുക്കും..തന്നെ കാണുമ്പൊള്‍ തന്നെ അവള്‍ കരയാന്‍ തുടങ്ങും. ക്ഷമിക്കാന്‍ പറയുകയല്ലാതെ തനിക്കെന്തു ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അവളുടെ ഉമ്മയും നിത്യ രോഗിയായി കിടപ്പിലാണ്. അവളിപ്പോ ഒരു ലേഡിസ് ടൈലരിംഗ് കടയില്‍ ജോലി ചെയ്യുകയാണ്. ഏതായാലും ഇന്ന് വീട്ടിലെത്തിയാല്‍ അവളുടെ ഉമ്മയെ ഒന്ന് കാണണം.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ള ഓമ്നി വാന്‍ ഗേറ്റ് കടന്നു വന്നു.

ഉമ്മീ ഉപ്പയെത്തി. ...സക്കീര്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയില്ല .

“ മുല്ലേ റെഡി ആയില്ലേ...... “

“ ഉമ്മിയും ഞങ്ങളും മാറ്റി കുറെ നേരമായ്‌ കാത്തിരിക്കുന്നു. ഷോപ്പിലേക്ക് വിളിക്കേം ചെയ്തു.” ആബിയാണ് മറുപടി പറഞ്ഞത്. ഷാഹിന വീട് പൂട്ടി ഇറങ്ങി. മക്കള്‍ നേരത്തെ തന്നെ വാനിലെ പിന്‍ സീറ്റില്‍ കേറിയിരുന്നിട്ടുണ്ട്.

“ എന്നാ പോകുവല്ലേ മുല്ലേ ...."

"ഠിം ഠിം" ഷാഹിന തമാശയാകി പറഞ്ഞു. കൂട്ടച്ചിരി പിന്നില്‍ നിന്നും....ആ ചിരിയില്‍ സക്കീറും കൂടി........

“ നീ ഇപ്പൊ കൂടുതല്‍ മെലിഞ്ഞു വരുവാണല്ലോ ....” ഷാഹിന അണിഞ്ഞ ഡ്രസിലേക്ക് നോക്കി സക്കീര്‍ ചോദിച്ചു.

“പാല്‍ കുടിക്കുന്ന കുട്ടികളൊക്കെ ഉണ്ടാകുമ്പോ ചിലപ്പോ മെലിഞന്നു വരും....ഇതിപ്പോ ഇടക്കിടക്ക് പറഞ്ഞു വെറുതെ എന്നെ ടെന്‍ഷന്‍ ആക്കല്ലേ പൊന്നിക്കാ. ..” ഷാഹിന ഇത്തിരി ഗൌരവത്തോടെ പറഞ്ഞു.

“ ഉമ്മക്ക് കോമ്പ്ലാന്‍ വാങ്ങി കൊടുത്ത മതി.....” ആബിയുടെ കമന്റു പിന്നില്‍ നിന്നും.

“ അത് നിന്റെ ബാപ്പയ്ക്ക് കൊണ്ടോയി കൊടുത്തോ ....” ചൂട് അഭിനയിച്ചു കൊണ്ട് ഷാഹിനയുടെ മറുപടി.

“ ബാപ്പ അതാ അടുത്തിരിക്കുന്നു ഒന്ന് ചോദിച്ചു നോക്ക് ഉമ്മി ...” ഉടനെ വന്നു നബീലിന്റെ മറുപടി.

“ മക്കളൊക്കെ ബാപ്പയെ പോലെ വല്യ വെളവന്‍ മരായിട്ടുണ്ട്.”

കൂട്ട ചിരിക്കിടെ ഷാഹിന പറഞ്ഞു.

“ എന്താ നിന്റെ ചങ്ങാതിച്ചിക്കും മോന്ക്കും വല്ലതും വാങ്ങാണോ “ സക്കീര്‍ വിഷയം മാറ്റി

“ ഉം...എന്തെങ്കിലും പലഹാരം മതി .അല്ലെങ്കില്‍ ഫ്രൂട്സ് ആയികോട്ടെ..അവളുടെ ഉമ്മ സുഖമിലാതെ കിടക്കുകയാ. “ അങ്ങാടിയില്‍ വണ്ടി നിര്‍ത്തി . സക്കീര്‍ ഷാഹിനയുടെ വീട്ടിലേക്കും അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്കും വെവ്വേറെ ഫ്രൂറ്സുകള്‍ പൊതിഞ്ഞു വാങ്ങി. വാഹനത്തില്‍ കയറി. യാത്ര തുടര്‍ന്നു.

“എന്താ അവളുടെ ഉമ്മക്ക് കൂടുതല്‍ ആണോ. .. “

ഉം ഉമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു അവളുടെ “ ഉമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വത്രേ...’

“ ചിലപ്പോ ആശുപത്രിയില്‍ നിര്‍ത്തിയിട്ടു ഒരു കാര്യവും ഉണ്ടാകില്ല .അതാകും.....”

“ ഉം...ആ ഉമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അവളുടെയും മോന്റെയും കാര്യം ആലോചിക്കാനേ വയ്യ...’ അവളുടെ നാത്തൂന് അവളെ എപ്പോഴും കുറ്റപെടുത്തല്‍ ആണ് പണി. ആങ്ങളയും ദേഷ്യപ്പെടും.....ഉമ്മയെ ഓര്‍ത്താവും ആട്ടിയിറക്കാത്താത്. വല്ലാത്തൊരു വിധിയാണ് അവളുടേത്.....” ഷാഹിന പറഞ്ഞു.

"ഷാഹിന ക്ക് സ്വന്തം പ്രശ്നത്തെക്കള്‍ ആധിയാണ് സലീനയുടെ വിഷയം. എപ്പോഴും അതെ കുറിച്ച് പറയും. ഷാഹിനയുടെ വീട്ടില്‍ പോകുമ്പോഴൊക്കെ അവിടെ പോകണം. കുട്ടിക്കും അവള്‍ക്കും ഡ്രസ്സ്‌ എടുത്തുകൊടുക്കണം. പലഹാരവും ഫ്രൂട്സും വാങ്ങി കൊടുക്കണം.ഇടയ്ക്കു പൈസയും കൊടുക്കണം. സക്കീര്‍ ആലോചിച്ചു . ചിലപ്പോ മറ്റുള്ള എന്തിനേക്കാളും ഇവള്‍ സലീനയെ സ്നേഹിക്കുന്നുവോ...? ഷാഹിനയും യതീം ആയിട്ടാണല്ലോ വളര്ന്നത്. ചിലപ്പോള്‍ അതാകും. പിന്നെ അവള്‍ ഈ ചെയ്യുന്നത് നല്ല കാര്യമാണല്ലോ എന്നലോചിക്കുമ്പോ ശഹിനയോടു ഒരു വല്ലാത്ത സ്നേഹം തോന്നും. മറ്റാരിലും കാണാത്ത ഒരു സ്വഭാവം ആണല്ലോ ഇത്.

വീട്ടിലെത്തിയ സക്കീറിനെയും ഷാഹിനയെയും കുട്ടികളെയും സ്വീകരിച്ചു അവളുടെ ഉമ്മ പടിവാതില്‍ക്കല്‍ തന്നെ നിന്നിരുന്നു.

ഷാഹിനയെ കണ്ട പാടെ ഉമ്മ പറഞ്ഞു ...” എന്നാ നീ അന്റെ കൂട്ടുകാരിയെ പോയി കണ്ടു പോര്.......അപ്പോഴേക്കും ഞാന്‍ ഇവര്‍ക്ക് ചായ കൊടുക്കാം....”

“ ഉമ്മ കുട്ടികള്‍ക്കു ചായ കൊടുത്തോ ..ഇന്ന് ഇക്കയും എന്റെ കൂടെ പോരട്ടെ...സുഖമില്ലാതെ കിടക്കുന്ന അവളുടെ ഉമ്മയെ ഒന്ന് കാണാമല്ലോ ...”

“ ഞാന്‍ പോരുന്നില്ല ,,,മുല്ല പോയി കണ്ടാ മതി ...” സക്കീര്‍ പറഞ്ഞു..

“ അത് പറ്റില്ല ...ഇക്ക എന്തായാലും പോരണം....” ഷാഹിന പറഞ്ഞു.

“ ഈ പെണ്ണിന്റെ ഒരു കാര്യം...ഇജി എന്തിനാ ഓനെ പിടിച്ചുവലിക്കുന്നെ ...അന്റെ ചങ്ങായിച്ചിയെ അനക്കങ്ങട്ടു പോയി കണ്ടാ പോരെ ...എന്താന്നെച്ചാ വാങ്ങിയത് അവിടെ കൊടുക്കേം ചെയ്താളാ..” ഷാഹിനയുടെ ഉമ്മ പറഞ്ഞു....

ഷാഹിന ഒന്നും പറഞ്ഞില്ല ..സക്കീറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...ഒരു ദയനീയ നോട്ടം. ചുണ്ടുകളില്‍ നിന്നും പ്ലീസ്‌ എന്ന് പറയുന്ന പോലെ തോന്നി സക്കീറിന്.....

അവന്‍ പുറത്തേക്ക് തന്നെ ഇറങ്ങി. അവളുടെ പുറത്തു രണ്ടു കൈവെച്ചു തള്ളി പിടിച്ചു കൊണ്ട് പറഞ്ഞു “ പോകട്ടെ വണ്ടി .....”

“ ബല്ലാത്തൊരു ചങ്ങായിത്തരം തന്നെ “ അവരുടെ ആ പോക്ക് നോക്കി ചിരിച്ചു കൊണ്ട് ഷാഹിനയുടെ ഉമ്മ പറഞ്ഞു.

ഒരു അഞ്ചുമിനിട്ട് നടന്നിടുണ്ടാവില്ല .സലീനയുടെ വീട്ടില്‍ എത്തി. പലവട്ടം കണ്ടിട്ടും എന്തോ മനസ്സിലാവാത്ത പോലെ നോക്കി നില്‍ക്കുന്ന സലീനയുടെ നാത്തൂനെയാണ് ആദ്യം കണ്ണില്‍ പെട്ടത്. വീട്ടിലെത്തിയപ്പോ നാത്തൂന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു...

“ സലീ .....ദാ ഷാഹിന വന്നിടുണ്ട് . “

ഷാഹിന എന്ന് കേട്ട പാടെ സലീന പുറത്തേക്ക് ഓടിയെത്തി . പെട്ടന്ന് അവളുടെ കൂടെയുള്ള ഭാര്ത്തവിനെ കണ്ടു ഉള്ളിലേക്ക് തന്നെ വലിഞ്ഞു. സക്കീറിനു ഒരു കാര്യം മനസ്സിലായി...സലീനയുടെ .ആ വരവില്‍ തന്നെ അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം . തന്നെ കണ്ടത് കൊണ്ട് അവള്‍ വീടിനുള്ളിലേക്ക് തന്നെ കയറിയതാണ്.. വീട്ടിലുണ്ടായിരുന്ന അവളുടെ ആങ്ങളയുമായി സക്കീര്‍ ഉമ്മയുടെ രോഗ വിവരങ്ങളെ കുറിച്ച് ചോദിച്ചു . ആ ഉമ്മയുടെ കിടപ്പു കണ്ടിട്ട് അധിക കാലം കിടക്കുകയില്ലെന്നു തോന്നി സക്കീറിന്. കുറച്ചു കഴിഞ്ഞപ്പോ തന്നെ ഷാഹിന പുറത്തേക്ക് വന്നു... ആദ്യമായി ഇവിടെ വന്നിട്ട് ഒരു ഗ്ളാസ് ചായ കുടിക്കാതെ കൊണ്ടോകല്ലേ മുല്ലേ ....സലീന അകത്തു നിന്നും പരയുന്നത് സക്കീര്‍ കേട്ടു.

അതൊന്നും സാരമില്ല സലീ .....ഉമ്മ അവിടെ ചായ എടുത്തു വെച്ചിട്ടു കാത്തിരിപ്പ്ണ്ടാകും ഇപ്പൊ വരാ മെന്നു പറഞ്ഞാ ഞങ്ങള്‍ പോന്നത്. ഇവിടെ വന്നാല്‍ ഒരു മണിക്കൂരെന്കിലും സംസാരിച്ചു നില്‍ക്കാറുള്ള ഷാഹിന പെട്ടന്ന് പോന്നത് തന്നെ മുഷി പ്പിക്കണ്ടാ എന്ന് കരുതിയാണെന്നു സക്കീറിന് മനസ്സിലായി...എന്നാലും അയാള്‍ ചോദിച്ചു

.” എന്തെ മുല്ലേ ഇന്ന് സംസാരിക്കനോന്നും നില്‍ക്കുന്നില്ലേ ....”

“ ഞാന്‍ അവളോട്‌ അങ്ങോട്ട്‌ വരാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞാല്‍ അവള്‍ വരും...”

അവര്‍ പിന്നെ ഒന്നും മിണ്ടിയില്ല .വീട്ടിലെത്തിയ സക്കീര്‍ ചായകുടിച്ചതിനു ശേഷം തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. മഗരിബ് ബാങ്ക് കൊടുക്കാന്‍ അല്‍പ സമയം കൂടിയേ ഉള്ളൂ ...അസര്‍ നിസ്കരിച്ചിട്ടില്ല ..വേഗം പള്ളിയിലെത്തി അംഗ സ്നാനം ചെയ്തു പള്ളിയില്‍ കയറി ..അസര്‍ നിസ്കാരത്തിനു ശേഷം മഗരിബ് കാത്തു അവിടെ ഇരുന്നു. ജമാഅത്ത് നിസ്കാരം കഴിഞ്ഞു വീട്ടിലെത്തി.

“ ആബീ ..ഉമ്മി എവിടെ ....”

അവിടെ ഉണ്ട് ... സലിത്തായോടു സംസാരിക്കുവാണ്.

സക്കീര്‍ പിന്നെ ഒന്നും ചോദിച്ചില്ല. ഇനി അവള്‍ പോകാതെ ശാഹിനയെ തനിക്ക് കിട്ടില്ലെന്ന് സക്കീറിന്നരിയാം..വാനില്‍ വാങ്ങി വെച്ചിരുന്ന മാത്ര്ഭൂമി ആഴ്ചപ്പതിപ്പ് എടുത്തു വീട്ടിലേക്കു കയറി. ബെഡ് റൂമില്‍ ചെന്ന് അതും വായിചു കിടന്നു.

പെട്ടന്നു ബാങ്കിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇഷാ ബാങ്ക് കൊടുത്തു, വായിച്ചു കിടന്നു അറിയാതെ ഒന്ന് മയങ്ങി പോയി... ഡ്രസ്സ്‌ എടുത്തിട്ട് പള്ളിയിലേക്ക് തന്നെ പോകുവാന്‍ ഒരുങ്ങി. അപ്പോള്‍ മുന്നില്‍ ഷാഹിന .

“ ചങ്ങാതിച്ചി പോയോ....” സക്കീര്‍ ചോദിച്ചു..

“ ഉം...”

“എന്തെ ഒരു മൂഡൌട്ടു....”

“ ഇക്ക പള്ളിയില്‍ പോയി വാ എന്നിട്ട് പറയാം... “ അപ്പോഴേക്കും ഞാനും നിസ്കാരം കഴിക്കാം.

“ എവിടെ പോയി നിന്റെ ആങ്ങള ശുക്കൂര്‍ ....”

“ ടൌണില്‍ പോയതാന്നു പറഞ്ഞു ...സുലു ..”

“ ഉം ....ഞാന്‍ ഇപ്പൊ വരം...അവിടെ ജമാഅത്ത് തുടങ്ങാന്‍ നേരമായി....”

ഷാഹിന സക്കീര്‍ പോകുന്നതും നോക്കി വാതില്‍ക്കല്‍ തന്നെ നിന്നു...

ഇവിടെ ആരും സംസാരിക്കാന്‍ ഇല്ലെങ്കിലും ഇക്കക്ക് ഒരു പരാതിയും ഇല്ല .ഇങ്ങോട്ട് പോരുന്ന വഴി എന്തെങ്കിലും പുസ്തകം വാങ്ങും. അതുമായി കൂടും.

ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഷാഹിന സക്കീറിന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു .

” എന്തെ മുല്ലേ ഒരു മൌനം....” സക്കീര്‍ ചോദിച്ചു.

“ ഞാന്‍ സലീനയുടെയും മകന്റെയും കാര്യം ആലോചിക്കുവായിരുന്നു.. അവള്‍ എന്റെ മുന്നില്‍ കരയുക യായിരുന്നു..വല്ലാത്തൊരു സ്ഥിതിയിലാണ് അവള്‍ . നാത്തൂന്‍ വല്ലാതെ ഉപദ്രവിക്കുന്നു. എല്ലാം കണ്ടിട്ടും ആങ്ങളയും ഒന്നും മിണ്ടുന്നില്ല . ഒരു ശല്യം എന്ന രൂപത്തില്‍ ആണ് അവര്‍ അവളെ കാണുന്നത്. . ആ ഉമ്മയെ നിങ്ങള്‍ കണ്ടില്ലേ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാന്‍ കഴിയാതെ കണ്ണീര്‍ ഒഴുക്കുന്നു. അവളെന്താണെന്നോ പറയുന്നത്. അല്ലഹുവിനെയും ആ മോനെയും ഓര്‍ത്താണ് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് എന്ന് .അത്രയ്ക്ക് കഷ്ട ത്തിലാ അവളും മോനും....” ഷാഹിനയുടെ കണ്ണ് നീര്‍ തന്റെ നെഞ്ചില്‍ വീണോ ...സക്കീറിന് സംശയം

. “നമുക്കെന്തു ചെയ്യാന്‍ കഴിയും മുല്ലേ....പൈസ എന്ത്കിലുമൊക്കെ കൊടുക്കാം പക്ഷെ അത് എക്കാലവും കഴിയുമോ ..? “ സക്കീര്‍ ചോദിച്ചു.

അല്‍പ നേരത്തെ മൌനത്തിനു ശേഷം “അവളെയും മോനെയും രക്ഷിക്കാന്‍ ഇക്ക വിചാരിച്ചാല്‍ കഴിയും...” ഷാഹിന പറഞ്ഞു.

“ ഞാന്‍ വിചാരിച്ചാലോ ..അതെങ്ങിനെ .”സക്കീര്‍ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കിഅവള്‍ പറഞ്ഞു ;

“ അതെ...ഇക്ക സലീനയെ യെ വിവാഹം ചെയ്യണം ...”തുടരും..........

Monday, August 20, 2012

തണല്‍ വിരിയിച്ച വഴികള്‍ Part 2

ഹാജിക്ക എന്തെ വേഗം പോകുന്നെ....... “ സുബ്ഹി നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന അബ്ദുറഹ്മാന്‍ ഹാജിയോടു നിസ്കരിക്കാന്‍ പള്ളിയിലെത്തിയ മീന്‍കാരന്‍ അബ്ദുവിന്റെ ചോദ്യം.
“ഇന്ന് സക്കീര്‍ വരുന്നുണ്ട് .ഇന്നലെ രാത്രിയാ അവന്‍ വിളിച്ചു പറഞ്ഞത് .ആറുമണിക്ക് കരിപ്പൂര് എത്തും. ശങ്കരന്റെ മോന്‍ രവി ഒട്ടുന്ന ജീപ്പ് വിളിക്കാന്‍ മുസ്തഫാനെ ഏല്‍പ്പിച്ചാ പള്ളിയിലേക്ക് പോന്നത്. “ വേഗം അങ്ങോട്ട്‌ എത്തണം.
പള്ളിക്കര വീട്ടിലെ അബ്ദുറഹ്മാന്‍ ഹാജി നാട്ടില്‍ എല്ലാവര്ക്കും വേണ്ട പ്പെട്ട ആളാണ്. പണക്കാരന്‍ ഒന്നും ആയിട്ടല്ല .നാട്ടുകാരുടെ ഏതു ആവശ്യത്തിനും അദ്ദേഹം മുന്നിലുണ്ടാകും. അത് പോലെ തന്നെയാണ് മകന്‍ സക്കീറും. മറ്റൊരു മകന്‍ മുസ്തഫ നാട്ടില്‍ തന്നെ ഒരു പലചരക്ക്- പച്ചക്കറി കച്ചവടവുമായി കൂടി . ഒരു ഇടത്തരം സാമ്പത്തിക കുടുംബം.. അബ്ദുറഹ്മാന്‍ ഹാജിക്ക നടത്തിയിരുന്ന പലചരക്ക് കടയാണ് ഇന്ന് മുസ്തഫ അല്പം വിശാലമാക്കി നടത്ത്തുന്നത്. സക്കീര്‍ കോളജു വിദ്യാഭ്യാസത്തിനു ശേഷം ഒരു ട്യുഷന്‍ സെന്ററിലെ അധ്യാപനവും ചില്ലറ സാമൂഹിക പ്രവര്ത്തനങ്ങളുമായി നടക്കുന്നതിനിടക്കാന് വിസ കിട്ടിയപ്പോ ഗള്‍ഫിലേക്ക് പറന്നത്. തറവാടിന്റെ അടുത്ത് തന്നെയുള്ള സക്കീര്‍ പണി കഴിപ്പിച്ച പുതിയ വീടും സക്കീറിന്റെ വരവിനായ്‌ കാത്തിരിക്കയാണ് ..വീട്ടില്‍ കൂടലിനു അവന്‍ എത്താന്‍ കഴിഞ്ഞിട്ടില്ല .റബീഉല്‍ അവ്വലില്‍ തന്നെ ആ ചടങ്ങ് നടക്കണം എന്ന ഹാജിയുടെ നിര്‍ബന്ധം കൊണ്ട് കുടിയിരിക്കല്‍ ചടങ്ങ് മാത്രം നടത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ എത്തിയ രവിയുടെ ജീപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി .അബ്ദുറഹ്മാന്‍ ഹാജി ആബിയുടെയും മുസ്തഫ നുബുവുന്റെയും കൈ പിടിചു അകത്തേക്ക് കടന്നു. വിമാനം ലാന്റു ചെയ്തിട്ടുണ്ടെന്ന് രവി അവരോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പെട്ടിയും ബാഗും വലിച്ചു പുറത്തേക്ക് വന്നു .
“ ദാ....ഇക്ക വരുന്നു.” മുസ്തഫ ആബിയെ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
അസ്സലാമു അലൈക്കും വപ്പയെ കണ്ട സക്കീര്‍ പറഞ്ഞു . വ അലൈകും അസ്സലാം .. മകനെ കെട്ടിപിടിച്ചു കൊണ്ട് അബ്ദുറഹ്മാന്‍ ഹാജി പറഞ്ഞു. പിന്നെ നുബുവിന്റെ ഊഴം ആയിരുന്നു. അവന്‍ ചെന്ന് ഉപ്പയുടെ കൈപിടിച്ചു . മുസ്തഫയില്‍ നിന്നും ആബിയെ വാങ്ങി സക്കീര്‍ എയര്പോര്‍ട്ടി നിന്നും പുറത്തിറങ്ങി.
രവിയുടെ ജീപ്പ് മെല്ലെ എയര്‍പോര്‍ട്ട്‌ പരിസരത്തു നിന്നും നീങ്ങി.
“ ഇക്കയുടെ മുടിയൊക്കെ നരച്ചു തുടങ്ങി. “. മുസ്തഫയാണ് അല്‍പ നേരത്തെ മൌനം മുറിച്ചത് .
സക്കീര്‍ കൈ തലയിലൂടെ ഒന്നോടിച്ചു ഒന്ന് ചിരിച്ചു....
“രവി ഇപ്പൊ ജീപ്പിലാണോ.... “
ഉം. .. ടാക്സിയാണ് ഇവിടെ അങ്ങാടിയില്‍ ഓടും...
ലീവ്‌ എത്രയുണ്ട് സക്കീര്‍ ഇക്ക ...രവിയുടെ ചോദ്യം.
“ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോന്നിരിക്കുകയാണ് . ഇനി ഇവിടെ എന്തെകിലും ഏര്‍പ്പാട് നോക്കണം.”
ബാപ്പയുടെ മുഖത്ത് നോക്കി സക്കീര്‍ പറഞ്ഞു.
“ അതേതായാലും നന്നായി...ഇനി കൊറച്ചു നാട്ടില്‍ നിക്ക്..വീടൊക്കെ ആയില്ലേ ...നിത്യചെലവിനു ...പടച്ചോന്‍ എന്തെങ്കിലും വഴി കാണിച്ചു തരും...”
അബ്ദുറഹ്മാന്‍ ഹാജി പറഞ്ഞു.
“പുതിയ പുരയില്‍ കുടിയിരിക്കലിനു ശേഷം പിന്നെ താമസിച്ച്ചിട്ടില്ല. രണ്ടീസം കൂടുമ്പോ ഷാഹിന പോയി ഒന്ന് തുറന്നു അടിച്ചു വാരി പോരും....ഒരു പെരയല്ലേ... അതിങ്ങനെ അടച്ചിടാന്‍ പറ്റില്ലല്ലോ ....” ഹാജിക്ക തുടര്‍ന്നു.
അല്പ സമയത്തെ ഓട്ടത്തിന് ശേഷം ജീപ്പ് പള്ളിക്കര വീട്ടിലെത്തി. ഉമ്മ ഓടി വന്നു മകനെ ചേര്‍ത്ത് പിടിച്ചു .
രണ്ടര വര്‍ഷങ്ങള്‍ക്കു വീണ്ടും ഒരു കൂടണയാല്‍.... എത്ര ഫോണ്‍ ചെയ്താലും കത്തയച്ചാലും ഈ സാമീപ്യ സുഖം കിട്ടുമോ, നീണ്ട വിരഹത്തിനും കാത്തിരിപ്പിനും ശേഷം സന്തോഷത്തിന്റെ കണ്ണ് നീര്‍ പൊഴിയുന്നൊരു സംഗമം.
വാതില്‍ക്കല്‍ ഷാഹിന .അവള്‍ മുഖത്തേക്ക് നോക്കുന്നില്ല .
ഈ പെണ്ണിന്റെ നാണം ഇനിയും മാറിയില്ലേ... സക്കീര്‍ ആത്മ ഗതം ചെയ്തു..
എന്തോ കണ്ടറിഞ്ഞ പോലെ ഹാജിക്കയും നഫീസുമ്മയും യും അങ്ങോട്ടും ഇങ്ങോട്ടും മാറി... ആബിയുമായി സക്കീര്‍ ശാഹിനന്റെ അടുത്തേക്ക് ചെന്ന് . അവള്‍ മെല്ലെ പിന്നോട്ട് വലിഞ്ഞു.
“ ഈ മോളെ ഒന്ന് വാങ്ങു മുല്ലേ .....”
ശാഹിനക്കെന്തോ മനസ്സ് കോരിത്തരിച്ച പോലെ “ വീണ്ടും ആ മുല്ലേ വിളി തന്റെ അരികില്‍ എത്തിയിരിക്കുന്നു. ജീവിതത്തില്‍ പലവട്ടം ഇത്തരത്തിലുള്ള സംഗമം കഴിഞ്ഞതാണ്. എന്നിട്ടും മുഖത്തേക്ക് നോക്കാന്‍ എന്തോ ഒരു നാണം ...സക്കീര്‍ അവളുടെ അടുത്തെത്തി .തല പിടിച്ചുയര്‍ത്തി ..
ഇതെന്താ മുല്ലേ വീണ്ടും പെണ്ണുകാണല്‍ ചടങ്ങാണോ....?

ഞാന്‍ ആദ്യമായി വരികയല്ലല്ലോ...?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അത് സന്തോഷത്തിന്റെ,കണ്ണുനീര്‍ ,, വിരഹത്തിനൊടുവില്‍ സമാഗമത്തിന്റെ ആനന്ദ കണ്ണീര്‍ ആണെന്ന് സക്കീറിന് അറിയാം....ഇത് പൊഴിക്കാന്‍ ആണ് എയര്‍പോര്‍ട്ടില്‍ പോലും വരാതെ അവള്‍ ഇവടെ കാത്തിരിക്കുന്നത് .

അങ്ങിനെ വീണ്ടുമൊരു ഒത്തുചേരലിന്റെ ആഘോഷങ്ങള്‍ക്കാവീട് സാക്ഷിയായി. സക്കീര്‍ കൊണ്ട് വന്ന മിട്ടായികള്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്തും. വരുന്നവരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും സന്തോഷ ത്തിലാണ്ട ആ വീടിനെ പുല്‍കി. പകലോന്‍ അങ്ങ് പടിഞ്ഞാറിലേക്ക് നീങ്ങി .... ഇരുട്ടിന്റെ പുതപ്പ് വിരിക്കുന്നതിനു തടസ്സമായി വീടുകളില്‍ നിന്നും പ്രകാശ വിളക്കുകള്‍ കണ്ണ് തുറന്നു. അത് അണയാന്‍ അധിക നേരം വേണ്ടി വന്നില്ല...
നുബുവും ആബിയും ഉറങ്ങി . വീണ്ടും ഒരു രാത്രി സമാഗമത്തിനായ് സക്കീറും ഷാഹിനയും ഒരുങ്ങി. അടുത്തേക്ക് വന്ന ഷാഹിനയെ ചേര്‍ത്ത് പിടിച്ചു സക്കീര്‍ പറഞ്ഞു. “ ഈ ഒരു സൌഭാഗ്യം അധികം മറ്റാര്‍ക്കും കിട്ടാത്ത താണ് . പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്കും അവരെ പിരിഞ്ഞു കണ്ണില്‍ എണ്ണയോഴിച്ചു കാത്തിരിക്കുന്ന ഭാര്യമാര്‍ക്കും മാത്രം കിട്ടുന്ന സംഗമ രാത്രികള്‍....ഇതെത്രാമത്തെ ആദ്യ രാത്രിയാ....???? “
ഷാഹിന ഒന്നും പറഞ്ഞില്ല ... ഈ കൂടി ചേരലിനും ഉണ്ടൊരു സുഖം. അവള്‍ മനസ്സില്‍ മന്ത്രിച്ചു.

എന്നാലും വേണ്ട ഇനി വിരഹം....
“ ഇനി ഇങ്ങനത്തെ ആദ്യ രാത്രികള്‍ വേണ്ട .ഇനി ഇക്ക എന്റടുത്ത്ന്നു എങ്ങോട്ടും പോവണ്ട....”
“ ഇല്ല മുല്ലേ ...നീ ആ പാസ്പോര്‍ട്ട് ഒന്ന് നോക്കിയെ.....ഹുറൂജ് നിഹായ്‌ ......അടിച്ചു പോന്നതാ,,,,
ഇനി എന്റെ മുല്ലയെയൂം കെട്ടിപിടിച്ചു ഇവടെ കൂടാം. ഇങ്ങോട്ടും പോവുന്നില്ല ..”
“ അയ്യട ... ഒരു മോളുണ്ട് ആ ഓര്മ വേണം..അവളെ കെട്ടിക്കാന്‍ ഉള്ളതാ .” ഷാഹിന
“ ഒരു മോള് പോരല്ലല്ലോ മുല്ലേ ...... ഇനിയും വേണ്ടേ നമുക്ക്‌ പെണ്മക്കള്‍ ....”
“ എത്രയാ മോന്റെ കണക്ക് ....”
“ ആ കണക്കൊക്കെ നമുക്ക് പിന്നെ കൂട്ടാം ...എന്ന് പറഞ്ഞു സക്കീര്‍ അവളെ മാറോട് ചേര്‍ത്തു.
“ ഇന്ശ അല്ലാഹ് , നാട്ടില്‍ ഒരു നല്ല ഏര്‍പ്പാട് കണ്ടെത്തണം...അധികം വൈകാതെ തന്നെ ...”
“ അള്ളാഹു എന്തെങ്കിലും വഴി കാണിച്ചു തരും...”

പുന സംഗമത്തിന്റെ വസന്തം വിരിഞ്ഞ ആ രാവില്‍ യുവ കുസുമങ്ങള്‍ എപ്പോഴോ ഒന്നായി... അപ്പോഴും പുറത്തു ആ കുളിര്തെന്നലില്‍ തെങ്ങോലകള്‍ മെല്ലെ മെല്ലെ ആടി കളിച്ചു....പുതിയ താരാട്ട് പാട്ടു കേട്ടു കൊണ്ട്...

തുടരും ..........
തണല്‍ വിരിയിച്ച വഴികള്‍ ഒന്നാം ഭാഗം ഇവിടെ വായിക്കാം

Sunday, August 19, 2012

തണല്‍ വിരിയിച്ച വഴികള്‍ - ഭാഗം 1

ഫേസ്ബുക്കിലെ കൂട്ടുകാര്‍ക്കിടയില്‍ ഈയുള്ളവന്‍ ആദ്യമായി എഴുതിയ ഒരു തുടര് കഥ ഇവിടെ ചേര്‍ക്കുന്നു . വായിച്ചു അഭിപ്രായം പറയുമല്ലോ ..
===========================================================================

പതിനാലാം രാവിന്‍റെ ശോഭക്ക് പതിവിലേറെ തിളക്കം നല്‍കി പൂര്‍ണ ചന്ദ്രന്‍ മാനത്ത് നിന്നും ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുകയാണ് . നിലാവിന്റെ തൂവല്‍ സ്പര്‍ശം ഏല്‍ക്കാത്ത തായി ഇനി എന്തുണ്ട്...? ജനല്‍ വഴി വീട്ടിനുള്ളിലേക്ക് കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് മുല്ല എന്ന ഷാഹിന. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഇന്ന് ഉറക്കത്തിന്റെ തലോടല്‍ വരുന്നില്ലല്ലോ. ?? ചുമരില്‍ നിഴല്‍ വിരിക്കുന്ന നിലാവ് തന്നെ വിളിക്കുന്നുവോ...? നിശബ്ദതയെ ഭേദിക്കുന്ന ടിക്ക്‌ ടിക്ക്‌ എന്ന ക്ലോക്കിന്റെ ശബ്ദം ഷാഹിനയെ കിടന്നിടത്ത് നിന്നും എഴുന്നെല്‍പ്പിച്ചു . ലൈറ്റിട്ടു ക്ലോക്കിലേക്ക് നോക്കി. സമയം ഒരുമണി കഴിഞ്ഞതെ ഉള്ളൂ ....

“ എന്റെ റബ്ബേ ... ഇന്നെന്താ ഈ രാവിനു ഇത്ര ദൂരം ...നേരം പോകുന്നെ ഇല്ലല്ലോ ..? “
ഉമ്മ ഉറങ്ങാതെ രാവിനെ തള്ളി നീക്കന്നതൊന്നും അറിയാതെ നുബുവും ആബിയും നല്ല ഉറക്കത്തിലാണ്. പുതപ്പിച്ചു കൊടുത്തിരുന്ന പുതപ്പ് കുട്ടികള്‍ക്ക് മേല്‍ വീണ്ടും നേരെയിട്ടു ഷാഹിന ലൈറ്റ്‌ ഓഫ് ചെയ്തു. വരാത്ത ഉറക്കത്തെ കാത്തു വീണ്ടും കിടക്കയില്‍ കിടക്കാന്‍ വയ്യ . ജനലിനരികില്‍ ചെന്ന് പുറത്തേക്ക് നോക്കി. ഇന്നത്തെ രാവിനെന്തോ പ്രത്യേകത ഉള്ള പോലെ....
എന്തൊരു നിലാവ് ...ഇങ്ങിനെയും നിലാവ് ഉണ്ടാകുമോ.. താഴെ മുറ്റത്തുള്ള വാടിയ അസര്മുല്ല വരെ കാണുന്നുണ്ട്. തെങ്ങോലകള്‍ മെല്ലെ ആടുന്നു...തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉമ്മ ആട്ടി കൊടുക്കുന്നത് പോലെ....അതും കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുകയാണോ... ഇളം കാറ്റിന്റെ താരാട്ട് പാട്ട് കേട്ട്..

ഷാഹിനയുടെ കണ്ണുകള്‍ വീണ്ടും ആകാശത്ത് പരതി . സര്‍വതിനെയും നിലാവില്‍ കുളിപ്പിച്ച് നില്‍ക്കുന്നവനെ കാണാന്‍ കഴിയുന്നില്ലല്ലോ ..ജനലിലൂടെ മേലോട്ട് നോക്കാ നും കഴിയുന്നില്ല ... ചിലപ്പോ അവന്‍ പുരക്കു മുകളില്‍ കയറി ഇരിപ്പുണ്ടാവും.. പൂര്‍ണ ചന്ദ്ര ശോഭയില്‍ മുങ്ങിയതിനാലാവണം നക്ഷ്ത്രങ്ങള്‍ ക്കൊന്നും ഒരു സന്തോഷ മില്ലാത്ത പോലെ....ഇടയ്ക്കിടെ വെറുതെ കണ്ണ് ചിമ്മുന്നു...അവ ഒളിച്ചിരുന്ന് കണ്ണിറു മ്മുന്നത് തന്നെയാണോ.....??? അവള്‍ അവയെ നോക്കി ചിരിച്ചു....കണ്ണുകള്‍ പടിഞ്ഞാറേ മാനത്തേക്ക് നീങ്ങി ....മനസ്സ് അങ്ങ് അകലേക്കും......!!

അകലെ സൌദി അറേബിയയിലെ ജിദ്ദയിലെ വിമാനത്താവളത്തില്‍ നിന്നും തന്റെ ജീവന്‍ കയറിയ വിമാനം ആകാശ മലര്‍ വാടിയിലൂടെ വരുന്നുണ്ടാകും. നാളെ പുലര്‍ച്ചെ ക്ക് കിലോമീറ്ററുകള്‍ ദൂരെ യുള്ള കരിപ്പൂര്‍ വിമാന താവളത്തില്‍ അത് വന്നിറങ്ങും..ഇക്ക ഇപ്പോള്‍ എന്ത് ചെയ്യുക യാകും....വിമാനത്തില്‍ ഇരുന്നു ഉറങ്ങുക യാകുമോ...? അതോ എന്നെ പോലെ ഉറങ്ങാതെ ഈയുള്ളവളുടെ അടുത്ത്തെത്തുന്നതും കൊതിച്ചു ...ഇരിക്കുന്നുവോ...??

എത്ര പെട്ടന്ന് ദിവസങ്ങള്‍ ,മാസങ്ങളായി,,,മാസങ്ങള്‍ വര്‍ഷങ്ങളായി... ഇപ്പോള്‍ വര്ഷം പതിനൊന്നു കഴിഞ്ഞു ...ഇക്കയും താനുമായുള്ള വിവാഹം കഴ്ഞ്ഞിട്ടു . പെണ്ണ് കാണാന്‍ വന്നത് ഇന്നും ഓര്‍മയില്‍ ഉണ്ട്. അന്ന് ഞാന് ആ മുഖം തന്നെ കണ്ടില്ല . പിന്നെ കല്യാണം കഴിഞ്ഞ ആ രാത്രിയിലാ ആ മുഖമൊന്നു കാണുന്നത്. രണ്ടു വര്ഷം ഗള്‍ഫില്‍ നിന്ന് വന്ന മൂന്നു മാസത്തെ ലീവില്‍ ആയിരുന്നു കല്യാണം. എത്ര പെട്ടന്നാണ് ആ ദിവസങ്ങളൊക്കെ തീര്ന്നത്. ഒന്ന് പരസ്പരം അറിയുന്നതിന് മുന്നേ വീണ്ടും ഗള്‍ഫിലേക്ക് രണ്ടു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു മൂന്നു മാസം . ആശിച്ചു കാത്തിരിന്നു മാസങ്ങള്‍ നിമിഷങ്ങളായി മിന്നി പോകും. സത്യത്തില്‍ ശരിക്കും ഇക്കയെ അറിഞ്ഞത് ഇക്ക അയക്കുന്ന കത്തുകളിലൂടെ ആണ്. എട്ടും പത്തും പേജു ഉണ്ടാകും ഓരോ കത്തും. ആദ്യ വായന വേഗം കഴിയും..പിന്നെ അടുത്ത കത്ത് വരുന്നത് വരെ ...അത് വായിക്കും.. ഇക്കയുടെ കത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഉണ്ടാവില്ല . മതവും രാഷ്ട്രീയവും ഗള്‍ഫ്‌ കാരന്റെ ജീവിതവും. അങ്ങിനെ എല്ലാം ...സത്യത്തില്‍ താന്‍ പത്താം ക്ലാസ്സ്‌ വരെ മദ്രസയില്‍ പഠിച്ചതിനെക്കാള്‍ വിജ്ഞാനം ഒരു പക്ഷെ ഇക്കയുടെ കത്ത് വായിചാവും പഠിചിട്ടുണ്ടാവുക. ഗള്‍ഫ്‌ കാരന്റെ ജീവിതം പറയുമ്പോള്‍ ഇക്കയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വീഴുന്നുണ്ടോ എന്ന് തോന്നിപോകും.

പ്രിയപ്പെട്ടവരേ എല്ലാം വിട്ടു അവരുടെ സുഖകര ജീവിതത്തിനു തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ .അവിടന്ന് ഒന്ന് ഇങ്ങോട്ട് ഫോണ്‍ ചെയ്താലും ഇവിടന്നങ്ങോട്ടു പറയുന്ന പരാതികളും ആവശ്യങ്ങളും കേള്‍ക്കാന്‍ മാത്രം വിധിക്കപെട്ടവര്‍. ഒരസുഖം വന്നാല്‍ എല്ലാരും ജോലിക്ക് പോകുമ്പോള്‍ റൂമില്‍ ഒറ്റക്കാവുന്ന അവസ്ഥ. നാട്ടിലെ പെണ്‍മക്കളെ കെട്ടിക്കാന്‍ കടം വാങ്ങി കല്യാണത്തില്‍ പോലും ഒന്ന് കൂടാന്‍ കഴിയാതെ കിട്ടിയ ലീവ് വേണ്ട എന്ന് വെച്ച് അവിടെ തന്നെ കഴിയുനവര്‍ . കിട്ടുന്ന ശമ്പളം കുറിയിലേക്ക് മാറ്റി സ്വന്തമായി ഒരു വീടെന്ന സ്വപനം പേറുന്നവര്‍. ഗള്‍ഫില്‍ ആറു കൊല്ലം നാട്ടില്‍ പോകാതെ നിന്ന് പെങ്ങന്‍ മാരെ മുഴുവന്‍ കെട്ടിച്ചയച്ചു തനിക്കൊരു കല്യാണം കഴിക്കണമെന്ന ആഗ്രഹം താലോലിച്ചു നാട്ടിലേക്കു പോന്നിട്ട്, ഉള്ള വീടും എട്ടു സെന്റ്‌ സ്ഥലവും പ്രായമായ ബാപ്പ മരികുന്നതിനു മുന്നേ ഭാഗിക്കണമെന്ന മൂത്തപെങ്ങളുടെ ആവശ്യം കേട്ട് കല്യാണം കഴിക്കാതെ വീണ്ടും ഉള്ള ലീവ് കാന്‍സല്‍ ചെയ്തു ഗള്‍ഫിലേക്ക് മടങ്ങിയ ഇക്കയുടെ പ്രായമുള്ള സക്കീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനകള്‍...ഗള്‍ഫില്‍ ചോര നീരാക്കി ഉണ്ട്ക്കിയ സമ്പാദ്യമെല്ലാം ഭാര്യയെ ഏല്‍പ്പിച്ചു അവസാനം നാട്ടിലേക്കു ചെന്നപ്പോള്‍ മറ്റൊരുത്തനുമായുള്ള ഭാര്യയുടെ ബന്ധത്തിന്റെ കഥ കേട്ട് തകര്‍ന്നു വീണ്ടും ആശ്വാസം തേടി ഗള്‍ഫിലെ സുഹ്ര്ത്തുക്കളുടെ ഇടയിലേക്ക് ചേക്കേറിയ അഹമദ്‌ കുട്ടിക്കയുടെ കഥ. അങ്ങിനെ എന്തെല്ലാം.....

ഗള്‍ഫ്‌ കാരന്റെ തണലില്‍ അവന്റെ കുടുംബം മാത്രമല്ല .. മഹല്ലിലെ പാവപ്പെട്ട പെണ്‍കുട്ടിയെ കെട്ടിക്കാനും, പാവപ്പെടവര്‍ക്ക് വീടുണ്ടാക്കാനും, മെല്ലാം നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയവന്റെ ഒരു വിഹിതം എത്തുന്നു. നാട്ടിലെ വലിയ വലിയ ദീനീ സ്ഥാപനങ്ങളായ യതീം ഖാനകളും കോളജുകളും മെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ഈ ഗള്‍ഫു കാരനെയാണ്. പടച്ചവന്‍ ഈ ഗള്‍ഫ്‌ മുഖേന വല്ലാതൊരു അനുഗ്രഹമാണല്ലോ നമുക്ക് തന്നത്.

അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍.....

അശ്ഹദ് അന്‍ ലാ ഇലാഹ ഇല്ലള്ളാ...

പള്ളി മിനാരത്തില്‍ നിന്നും സുബ്ഹി ബാങ്കിന്റെ ഈരടികള്‍ ഉയര്‍ന്നു .. എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന പൂവന്‍ കോഴികളുടെ കൂവല്‍ ശബ്ദവും കിളികളുടെ ശബ്ദവും പുതിയൊരു പ്രഭാതത്തിനു ഒരുക്കങ്ങള്‍ കൂട്ടി. സുബ്ഹി നിസ്കാരത്തിനു ശേഷം അല്പം ഖുര്‍-ആന്‍ പാരായണവും കഴിഞ്ഞു .ഷാഹിന അടുക്കളയിലേക്ക് നീങ്ങി . ഉമ്മച്ചി നിസ്കാര പായയില്‍ നിന്നും എണീറ്റിട്ടില്ല. വാപ്പച്ചി പള്ളിയിലേക്ക് പോയിട്ടുണ്ടാകും ..ഇന്നലെ എപ്പോഴാ ഉറങ്ങിയത് എന്നോര്‍മയില്ല ...ഓരോന്നു ആലോചിച്ചു ഇരുന്നത് ഓര്‍മയുണ്ട്.

“ മുല്ലേ .....വാപ്പച്ചിക്കും മുത്തുനും കരിപ്പൂരില്‍ പോകണ്ടേ ...... ബെക്കം നാലു ഓട്ടടയും കറിയും ഉണ്ടാക്കിക്കോ ...അതാകുമ്പോ എളുപ്പമാ....” ഉമ്മ അടുക്കളയില്‍ എത്തി.

ആയിക്കോട്ടെ ഉമ്മാ.....”

“ നുബുവിനെയും ആബിയെയും വിളിച്ചോ....”

“ഇല്ല ഉമ്മ ...........അവര്‍ ഉറക്കത്തിലാ ....ഉപ്പയെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ അവരെയും കൊണ്ട് പോകാം എന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ട് എന്നും പറഞാ രണ്ടാളും ഉറങ്ങിയത്. ഇന്നിനി സ്കൂളില്‍ പോക്കൊന്നും ഉണ്ടാകില്ല ” ഷാഹിന പറഞ്ഞു.

“ ഞാന്‍ അവരെ വിളിക്കാം ....നീ ചായക്കും കൂടി വെള്ളം വെച്ചേക്ക് ......” ഉമ്മ കുട്ടികളെ വിളിക്കാനായി റൂമിലേക്ക്‌ പോയി....തുടരും ......................