ഏറ്റവും പുതിയ പോസ്റ്റുകള്‍

Sunday, August 26, 2012

തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം മൂന്ന്

“ ഉപ്പയെ കാണുന്നില്ല ല്ലോ......എത്ര നേരമായി കാത്തിരിക്കുന്നു.... “ നുബു പുറത്ത് വന്നു നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു. “ അവിടെ ഷോപ്പില്‍ ആരെങ്കിലും വന്നു കാണും....അതാകും വരാന്‍ നേരം വൈകുന്നത് ...” ഷാഹിന മകനോടു പറഞ്ഞു.

“ മാറ്റി നിന്നോളു എന്ന് പറഞ്ഞു പോയതാ.... എന്തെ ഇത്ര നേരം വൈകാന്‍....”

ഒന്ന് വിളിച്ചു നോക്കിയാലോ .....

ഷാഹിന അകത്തു പോയി ഫോണ്‍ ഡയല്‍ ചെയ്തു. ബെല്ലടിക്കുന്നു...

അങ്ങേത്തലക്കല്‍ ഫോണ്‍ എടുക്കുന്ന ശബ്ദം...

ഹെലോ ..

“ രാജീവ്‌ ....ഇക്ക എവിടെ .....”

“ ദാ ..ഇപ്പൊ ഇവ്ടന്നു പോന്നതെയുള്ളൂ ...ലക്ഷ ദീപിലെ ഒരു പാര്‍ട്ടി വന്നിരുന്നു അതാ നേരം വൈകിയതു..”

“ എന്നാല്‍ ശരി “ ഷാഹിന ഫോണ്‍ വെച്ച് . പുറത്തേക്ക് കണ്ണോടിച്ചു ഇക്കയുടെ വരവും നോക്കിയിരുന്നു.. നുബുവും ആബിയും ലിയയെയും എടുത്തു കൊണ്ട് പോര്‍ച്ചിലെ ചെടികളും നോക്കി ..ഇക്കയുടെ വരവും കാത്തു നില്‍ക്കുകയാണ്. ശാഹിനയും ഗേറ്റിലേക്ക് കണ്ണോടിച്ചു നിന്നു ..

..... എത്ര വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നത്, ഇക്ക ഗള്‍ഫിലെ ഒഴിവാക്കി വന്നിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം ആവാറായി. നാട്ടില്‍ വന്നു കയ്യിലുള്ള പണം കൊണ്ട് ഒരു വില്‍പ്പനക്ക് വെച്ച ഫര്‍ണിച്ചര്‍ ഷോപ്പ്‌ വാങ്ങിയതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പെട്ടന്നായിരുന്നു അതിന്റെ വളര്‍ച്ച. ഇന്ന് ഇക്കയ്ക്ക് മൂന്നു ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ ഉണ്ട്, എല്ലായിടത്തേക്കും വേണ്ട ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ സ്വന്തമായി വുഡ് ഇന്ട്രസ്ട്രിയല്‍ ഉണ്ട്. എല്ലായിടത്തും കൂടി ഇരുപതോളം ജോലിക്കാരും. ഇപ്പൊ തിരക്കോട് തിരക്കാണ്.സ്വന്തം ഷോപ്പിലേക്ക് മാത്രമല്ല പുറത്തെക്കുള്ള ഓര്‍ഡര്‍ എടുക്കാനും ഇക്ക തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നില്‍ക്കുന്ന കാലത്തു ഓരോ പ്രാവശ്യം കത്തെഴുതുംപോഴും ചോദിക്കും നാട്ടില്‍ വന്നാല്‍ എന്ത് ജോലിയാ ചെയ്യുക..നിര്‍ത്തി പോന്നവര്‍ വീണ്ടും ഈ മണ്ണിലേക്ക് തന്നെ തിഇരിച്ചു പറക്കുന്നു...

.അന്നൊക്കെ ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോ പുതിയ ഓര്‍ഡര്‍ വരുമ്പോഴും ഇക്ക പറയും എന്റെ മുല്ലയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് എന്ന്. എല്ലാം അല്ലഹുന്റെ അനുഗ്രഹം. അല്ലാതെ എന്താ... എല്ലാം അവനെ ഭാരമെല്പ്പിച്ചാല്‍ വഴികള്‍ ആ റബ്ബ് തുറന്നു തരും.

എന്നാലും ഒന്നും കാണാന്‍ ഇപ്പൊ വപ്പച്ചി ഇല്ലല്ലോ .. ആ സങ്കടം മാത്രം.

വാപ്പയില്ലാത്ത തനിക്ക് ഒരു വാപ്പയുടെ എല്ലാ സ്നേഹവും തന്നു വാപ്പച്ചി .ഒരിക്കലും മരുമകള്‍ എന്ന രൂപത്തില്‍ തന്നെ കണ്ടിട്ടില്ല . ഒരു കാര്യവും കയര്‍ത്തു പറയുകയുമില്ല . ഉമ്മയോടും ഇടക്കിടെ പറയും " ശാഹിനാന്റെ കണ്ണീര്‍ ഈ പുരയില്‍ ഒരിക്കലും വീഴരുത്. അവളൊരു യതീം ആയിട്ടാണ് വളര്‍ന്നത്‌." യതീം ആയി വളര്‍ന്ന തനിക്ക് വിവാഹ പ്രായ മെത്തിയപ്പോ ആദ്യം കാണാന്‍ വന്നത് വാപ്പച്ചി ആയിരുന്നു. അതിനു ശേഷമാണ് ഇക്കയെ പറഞ്ഞയച്ചത്. സ്ത്രീധന്മൊന്നും പറയാതെ തനിക്ക് ഒരു കല്യാണം വന്നത് അറിഞ്ഞപ്പോ തന്നെ കൂട്ടുകാരികള്‍ ക്കെല്ലാം അതിശയമായിരുന്നു. ഒക്കെ റബ്ബിന്റെ തുണ. എത്ര പേരാണ് സ്ത്രീധനം കൊടുക്കാന്‍ വകയില്ലാത്തത്തിന്റെ പേരില്‍ പുര നിറഞ്ഞു മാതാപിതാക്കളുടെ കണ്ണീരായി മാറുന്നത്. പണക്കാര്‍ തങ്ങളുടെ മക്കളെ നൂറും അതിലേറെയും പൊന്നും ലക്ഷങ്ങള്‍ സ്ത്രീധനവും ഒക്കെ കൊടുത്തു വിവാഹം ചെയ്തു വിടുമ്പോള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ യൌവ്വനം പേറി വീട്ടില്‍ കഴിയുന്നു.

സ്ത്രീധനത്തിന്റെ ദുരവസ്ഥ അവളെ സലീനയുടെ ഒര്മാകളിലെക്കെതിച്ചു ....സലീന അവളുടെ അയല്‍ക്കരിയാണ്. ഏറ്റവും അടുത്ത ആ കൂട്ടുകാരിയുടെ അവസ്ഥ ശാഹിനയില്‍ എപ്പോഴും ഒരു വിങ്ങല്‍ ആണ്., സലീന സ്കൂളിലും മദ്രസയിലുമെല്ലാം തന്നോടൊപ്പം പഠിച്ചവള്‍. . വളരെ കഷ്ടപെട്ടാണ് അവളുടെ ഉപ്പ അവളെ കെട്ടിച്ചയച്ചത്.അതും തന്റെ കല്യാണം കഴിഞു രണ്ടു കൊല്ലം കഴിഞ്ഞു. കല്യാണം കഴിഞ്ഞ കുറച്ചു കഴിഞ്ഞപോ തന്നെ ഉള്ള സ്വര്‍ണ മെല്ലാം വിറ്റ് സലീനയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലേക്ക് പോയി. ഒരു കണ്സ്ട്രക്ഷന് കമ്പനിയില്‍ താല്‍ക്കാലിക ജോലി കിട്ടി..എല്ലാം കരകയറും എന്ന് വിചാരിച്ചിരുന്ന അവള്‍ക്കു വല്ലാത്ത ഒരു ദുരന്തമാണ് വന്നെത്തിയത് .. ജോലി സ്ഥലത്തെ ഒരു ബില്‍ഡിംഗ്‌ന്റെ മുകളില്‍ നിന്നും വീണു ഭര്‍ത്താവ് മരണപെട്ടു. മയ്യിത്ത്‌ പോലും അവള്‍ കണ്ടില്ല . അവിടെ തന്നെ ഖബറടക്കം നടന്നു. കമ്പനിക്ക് പുറത്തുള്ള ജോലിക്കാരന്‍ ആയതിനാല്‍ കമ്പനിയില്‍ നിന്നും ഒന്നും കിട്ടിയതു മില്ല . ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നേ സലീന ഗര്‍ഭിണിയുമായി..

ഇന്നിപ്പോള്‍ ഒരാണ്‍ കുട്ടിയുമായി അവള്‍ വിധവ യായി കഴിയുന്നു. പുതിയ കല്യാണോലോചനകള്‍ വന്നെങ്കിലും ഭാരിച്ച സ്ത്രീധനവും ,യതീം ആയ മകനും തടസ്സങ്ങളായി. കഷ്ടപ്പെട്ട് കല്യാണം കഴിച്ചു രണ്ടര മാസത്തെ ദാമ്പത്യ ജീവിതം. അതിന്റെ അനന്തരഫലമോ.. കഷ്ടപാടുകളും ദാരിദ്ര്യവും. അവളുടെ വാപ്പയും കൂടി മരിച്ചപ്പോള്‍ തികച്ചും മറ്റുളളവരുടെ ആശ്രയത്തിലായി അവളും ഉമ്മയും ആ മോനും. നേരത്തെ കല്യാണം കഴിഞ്ഞ ആങ്ങള നാത്തൂന്‍ പറഞ്ഞ തിനു അപ്പുറം ചവിട്ടുകയില്ല . താന്‍ വീട്ടില്‍ പോകുമ്പോഴൊക്കെ ഇക്കയോടു പറഞ്ഞു ആ മോന് പലഹാരങ്ങളും ഡ്രെസ്സും ഒക്കെ വാങ്ങിപ്പിക്കും. അവള്‍ക്കും വാങ്ങിപ്പിക്കും ഡ്രസ്സ്‌ . പൈസയും കൊടുക്കും..തന്നെ കാണുമ്പൊള്‍ തന്നെ അവള്‍ കരയാന്‍ തുടങ്ങും. ക്ഷമിക്കാന്‍ പറയുകയല്ലാതെ തനിക്കെന്തു ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അവളുടെ ഉമ്മയും നിത്യ രോഗിയായി കിടപ്പിലാണ്. അവളിപ്പോ ഒരു ലേഡിസ് ടൈലരിംഗ് കടയില്‍ ജോലി ചെയ്യുകയാണ്. ഏതായാലും ഇന്ന് വീട്ടിലെത്തിയാല്‍ അവളുടെ ഉമ്മയെ ഒന്ന് കാണണം.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ള ഓമ്നി വാന്‍ ഗേറ്റ് കടന്നു വന്നു.

ഉമ്മീ ഉപ്പയെത്തി. ...സക്കീര്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയില്ല .

“ മുല്ലേ റെഡി ആയില്ലേ...... “

“ ഉമ്മിയും ഞങ്ങളും മാറ്റി കുറെ നേരമായ്‌ കാത്തിരിക്കുന്നു. ഷോപ്പിലേക്ക് വിളിക്കേം ചെയ്തു.” ആബിയാണ് മറുപടി പറഞ്ഞത്. ഷാഹിന വീട് പൂട്ടി ഇറങ്ങി. മക്കള്‍ നേരത്തെ തന്നെ വാനിലെ പിന്‍ സീറ്റില്‍ കേറിയിരുന്നിട്ടുണ്ട്.

“ എന്നാ പോകുവല്ലേ മുല്ലേ ...."

"ഠിം ഠിം" ഷാഹിന തമാശയാകി പറഞ്ഞു. കൂട്ടച്ചിരി പിന്നില്‍ നിന്നും....ആ ചിരിയില്‍ സക്കീറും കൂടി........

“ നീ ഇപ്പൊ കൂടുതല്‍ മെലിഞ്ഞു വരുവാണല്ലോ ....” ഷാഹിന അണിഞ്ഞ ഡ്രസിലേക്ക് നോക്കി സക്കീര്‍ ചോദിച്ചു.

“പാല്‍ കുടിക്കുന്ന കുട്ടികളൊക്കെ ഉണ്ടാകുമ്പോ ചിലപ്പോ മെലിഞന്നു വരും....ഇതിപ്പോ ഇടക്കിടക്ക് പറഞ്ഞു വെറുതെ എന്നെ ടെന്‍ഷന്‍ ആക്കല്ലേ പൊന്നിക്കാ. ..” ഷാഹിന ഇത്തിരി ഗൌരവത്തോടെ പറഞ്ഞു.

“ ഉമ്മക്ക് കോമ്പ്ലാന്‍ വാങ്ങി കൊടുത്ത മതി.....” ആബിയുടെ കമന്റു പിന്നില്‍ നിന്നും.

“ അത് നിന്റെ ബാപ്പയ്ക്ക് കൊണ്ടോയി കൊടുത്തോ ....” ചൂട് അഭിനയിച്ചു കൊണ്ട് ഷാഹിനയുടെ മറുപടി.

“ ബാപ്പ അതാ അടുത്തിരിക്കുന്നു ഒന്ന് ചോദിച്ചു നോക്ക് ഉമ്മി ...” ഉടനെ വന്നു നബീലിന്റെ മറുപടി.

“ മക്കളൊക്കെ ബാപ്പയെ പോലെ വല്യ വെളവന്‍ മരായിട്ടുണ്ട്.”

കൂട്ട ചിരിക്കിടെ ഷാഹിന പറഞ്ഞു.

“ എന്താ നിന്റെ ചങ്ങാതിച്ചിക്കും മോന്ക്കും വല്ലതും വാങ്ങാണോ “ സക്കീര്‍ വിഷയം മാറ്റി

“ ഉം...എന്തെങ്കിലും പലഹാരം മതി .അല്ലെങ്കില്‍ ഫ്രൂട്സ് ആയികോട്ടെ..അവളുടെ ഉമ്മ സുഖമിലാതെ കിടക്കുകയാ. “ അങ്ങാടിയില്‍ വണ്ടി നിര്‍ത്തി . സക്കീര്‍ ഷാഹിനയുടെ വീട്ടിലേക്കും അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്കും വെവ്വേറെ ഫ്രൂറ്സുകള്‍ പൊതിഞ്ഞു വാങ്ങി. വാഹനത്തില്‍ കയറി. യാത്ര തുടര്‍ന്നു.

“എന്താ അവളുടെ ഉമ്മക്ക് കൂടുതല്‍ ആണോ. .. “

ഉം ഉമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു അവളുടെ “ ഉമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വത്രേ...’

“ ചിലപ്പോ ആശുപത്രിയില്‍ നിര്‍ത്തിയിട്ടു ഒരു കാര്യവും ഉണ്ടാകില്ല .അതാകും.....”

“ ഉം...ആ ഉമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അവളുടെയും മോന്റെയും കാര്യം ആലോചിക്കാനേ വയ്യ...’ അവളുടെ നാത്തൂന് അവളെ എപ്പോഴും കുറ്റപെടുത്തല്‍ ആണ് പണി. ആങ്ങളയും ദേഷ്യപ്പെടും.....ഉമ്മയെ ഓര്‍ത്താവും ആട്ടിയിറക്കാത്താത്. വല്ലാത്തൊരു വിധിയാണ് അവളുടേത്.....” ഷാഹിന പറഞ്ഞു.

"ഷാഹിന ക്ക് സ്വന്തം പ്രശ്നത്തെക്കള്‍ ആധിയാണ് സലീനയുടെ വിഷയം. എപ്പോഴും അതെ കുറിച്ച് പറയും. ഷാഹിനയുടെ വീട്ടില്‍ പോകുമ്പോഴൊക്കെ അവിടെ പോകണം. കുട്ടിക്കും അവള്‍ക്കും ഡ്രസ്സ്‌ എടുത്തുകൊടുക്കണം. പലഹാരവും ഫ്രൂട്സും വാങ്ങി കൊടുക്കണം.ഇടയ്ക്കു പൈസയും കൊടുക്കണം. സക്കീര്‍ ആലോചിച്ചു . ചിലപ്പോ മറ്റുള്ള എന്തിനേക്കാളും ഇവള്‍ സലീനയെ സ്നേഹിക്കുന്നുവോ...? ഷാഹിനയും യതീം ആയിട്ടാണല്ലോ വളര്ന്നത്. ചിലപ്പോള്‍ അതാകും. പിന്നെ അവള്‍ ഈ ചെയ്യുന്നത് നല്ല കാര്യമാണല്ലോ എന്നലോചിക്കുമ്പോ ശഹിനയോടു ഒരു വല്ലാത്ത സ്നേഹം തോന്നും. മറ്റാരിലും കാണാത്ത ഒരു സ്വഭാവം ആണല്ലോ ഇത്.

വീട്ടിലെത്തിയ സക്കീറിനെയും ഷാഹിനയെയും കുട്ടികളെയും സ്വീകരിച്ചു അവളുടെ ഉമ്മ പടിവാതില്‍ക്കല്‍ തന്നെ നിന്നിരുന്നു.

ഷാഹിനയെ കണ്ട പാടെ ഉമ്മ പറഞ്ഞു ...” എന്നാ നീ അന്റെ കൂട്ടുകാരിയെ പോയി കണ്ടു പോര്.......അപ്പോഴേക്കും ഞാന്‍ ഇവര്‍ക്ക് ചായ കൊടുക്കാം....”

“ ഉമ്മ കുട്ടികള്‍ക്കു ചായ കൊടുത്തോ ..ഇന്ന് ഇക്കയും എന്റെ കൂടെ പോരട്ടെ...സുഖമില്ലാതെ കിടക്കുന്ന അവളുടെ ഉമ്മയെ ഒന്ന് കാണാമല്ലോ ...”

“ ഞാന്‍ പോരുന്നില്ല ,,,മുല്ല പോയി കണ്ടാ മതി ...” സക്കീര്‍ പറഞ്ഞു..

“ അത് പറ്റില്ല ...ഇക്ക എന്തായാലും പോരണം....” ഷാഹിന പറഞ്ഞു.

“ ഈ പെണ്ണിന്റെ ഒരു കാര്യം...ഇജി എന്തിനാ ഓനെ പിടിച്ചുവലിക്കുന്നെ ...അന്റെ ചങ്ങായിച്ചിയെ അനക്കങ്ങട്ടു പോയി കണ്ടാ പോരെ ...എന്താന്നെച്ചാ വാങ്ങിയത് അവിടെ കൊടുക്കേം ചെയ്താളാ..” ഷാഹിനയുടെ ഉമ്മ പറഞ്ഞു....

ഷാഹിന ഒന്നും പറഞ്ഞില്ല ..സക്കീറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...ഒരു ദയനീയ നോട്ടം. ചുണ്ടുകളില്‍ നിന്നും പ്ലീസ്‌ എന്ന് പറയുന്ന പോലെ തോന്നി സക്കീറിന്.....

അവന്‍ പുറത്തേക്ക് തന്നെ ഇറങ്ങി. അവളുടെ പുറത്തു രണ്ടു കൈവെച്ചു തള്ളി പിടിച്ചു കൊണ്ട് പറഞ്ഞു “ പോകട്ടെ വണ്ടി .....”

“ ബല്ലാത്തൊരു ചങ്ങായിത്തരം തന്നെ “ അവരുടെ ആ പോക്ക് നോക്കി ചിരിച്ചു കൊണ്ട് ഷാഹിനയുടെ ഉമ്മ പറഞ്ഞു.

ഒരു അഞ്ചുമിനിട്ട് നടന്നിടുണ്ടാവില്ല .സലീനയുടെ വീട്ടില്‍ എത്തി. പലവട്ടം കണ്ടിട്ടും എന്തോ മനസ്സിലാവാത്ത പോലെ നോക്കി നില്‍ക്കുന്ന സലീനയുടെ നാത്തൂനെയാണ് ആദ്യം കണ്ണില്‍ പെട്ടത്. വീട്ടിലെത്തിയപ്പോ നാത്തൂന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു...

“ സലീ .....ദാ ഷാഹിന വന്നിടുണ്ട് . “

ഷാഹിന എന്ന് കേട്ട പാടെ സലീന പുറത്തേക്ക് ഓടിയെത്തി . പെട്ടന്ന് അവളുടെ കൂടെയുള്ള ഭാര്ത്തവിനെ കണ്ടു ഉള്ളിലേക്ക് തന്നെ വലിഞ്ഞു. സക്കീറിനു ഒരു കാര്യം മനസ്സിലായി...സലീനയുടെ .ആ വരവില്‍ തന്നെ അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം . തന്നെ കണ്ടത് കൊണ്ട് അവള്‍ വീടിനുള്ളിലേക്ക് തന്നെ കയറിയതാണ്.. വീട്ടിലുണ്ടായിരുന്ന അവളുടെ ആങ്ങളയുമായി സക്കീര്‍ ഉമ്മയുടെ രോഗ വിവരങ്ങളെ കുറിച്ച് ചോദിച്ചു . ആ ഉമ്മയുടെ കിടപ്പു കണ്ടിട്ട് അധിക കാലം കിടക്കുകയില്ലെന്നു തോന്നി സക്കീറിന്. കുറച്ചു കഴിഞ്ഞപ്പോ തന്നെ ഷാഹിന പുറത്തേക്ക് വന്നു... ആദ്യമായി ഇവിടെ വന്നിട്ട് ഒരു ഗ്ളാസ് ചായ കുടിക്കാതെ കൊണ്ടോകല്ലേ മുല്ലേ ....സലീന അകത്തു നിന്നും പരയുന്നത് സക്കീര്‍ കേട്ടു.

അതൊന്നും സാരമില്ല സലീ .....ഉമ്മ അവിടെ ചായ എടുത്തു വെച്ചിട്ടു കാത്തിരിപ്പ്ണ്ടാകും ഇപ്പൊ വരാ മെന്നു പറഞ്ഞാ ഞങ്ങള്‍ പോന്നത്. ഇവിടെ വന്നാല്‍ ഒരു മണിക്കൂരെന്കിലും സംസാരിച്ചു നില്‍ക്കാറുള്ള ഷാഹിന പെട്ടന്ന് പോന്നത് തന്നെ മുഷി പ്പിക്കണ്ടാ എന്ന് കരുതിയാണെന്നു സക്കീറിന് മനസ്സിലായി...എന്നാലും അയാള്‍ ചോദിച്ചു

.” എന്തെ മുല്ലേ ഇന്ന് സംസാരിക്കനോന്നും നില്‍ക്കുന്നില്ലേ ....”

“ ഞാന്‍ അവളോട്‌ അങ്ങോട്ട്‌ വരാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞാല്‍ അവള്‍ വരും...”

അവര്‍ പിന്നെ ഒന്നും മിണ്ടിയില്ല .വീട്ടിലെത്തിയ സക്കീര്‍ ചായകുടിച്ചതിനു ശേഷം തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. മഗരിബ് ബാങ്ക് കൊടുക്കാന്‍ അല്‍പ സമയം കൂടിയേ ഉള്ളൂ ...അസര്‍ നിസ്കരിച്ചിട്ടില്ല ..വേഗം പള്ളിയിലെത്തി അംഗ സ്നാനം ചെയ്തു പള്ളിയില്‍ കയറി ..അസര്‍ നിസ്കാരത്തിനു ശേഷം മഗരിബ് കാത്തു അവിടെ ഇരുന്നു. ജമാഅത്ത് നിസ്കാരം കഴിഞ്ഞു വീട്ടിലെത്തി.

“ ആബീ ..ഉമ്മി എവിടെ ....”

അവിടെ ഉണ്ട് ... സലിത്തായോടു സംസാരിക്കുവാണ്.

സക്കീര്‍ പിന്നെ ഒന്നും ചോദിച്ചില്ല. ഇനി അവള്‍ പോകാതെ ശാഹിനയെ തനിക്ക് കിട്ടില്ലെന്ന് സക്കീറിന്നരിയാം..വാനില്‍ വാങ്ങി വെച്ചിരുന്ന മാത്ര്ഭൂമി ആഴ്ചപ്പതിപ്പ് എടുത്തു വീട്ടിലേക്കു കയറി. ബെഡ് റൂമില്‍ ചെന്ന് അതും വായിചു കിടന്നു.

പെട്ടന്നു ബാങ്കിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇഷാ ബാങ്ക് കൊടുത്തു, വായിച്ചു കിടന്നു അറിയാതെ ഒന്ന് മയങ്ങി പോയി... ഡ്രസ്സ്‌ എടുത്തിട്ട് പള്ളിയിലേക്ക് തന്നെ പോകുവാന്‍ ഒരുങ്ങി. അപ്പോള്‍ മുന്നില്‍ ഷാഹിന .

“ ചങ്ങാതിച്ചി പോയോ....” സക്കീര്‍ ചോദിച്ചു..

“ ഉം...”

“എന്തെ ഒരു മൂഡൌട്ടു....”

“ ഇക്ക പള്ളിയില്‍ പോയി വാ എന്നിട്ട് പറയാം... “ അപ്പോഴേക്കും ഞാനും നിസ്കാരം കഴിക്കാം.

“ എവിടെ പോയി നിന്റെ ആങ്ങള ശുക്കൂര്‍ ....”

“ ടൌണില്‍ പോയതാന്നു പറഞ്ഞു ...സുലു ..”

“ ഉം ....ഞാന്‍ ഇപ്പൊ വരം...അവിടെ ജമാഅത്ത് തുടങ്ങാന്‍ നേരമായി....”

ഷാഹിന സക്കീര്‍ പോകുന്നതും നോക്കി വാതില്‍ക്കല്‍ തന്നെ നിന്നു...

ഇവിടെ ആരും സംസാരിക്കാന്‍ ഇല്ലെങ്കിലും ഇക്കക്ക് ഒരു പരാതിയും ഇല്ല .ഇങ്ങോട്ട് പോരുന്ന വഴി എന്തെങ്കിലും പുസ്തകം വാങ്ങും. അതുമായി കൂടും.

ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഷാഹിന സക്കീറിന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു .

” എന്തെ മുല്ലേ ഒരു മൌനം....” സക്കീര്‍ ചോദിച്ചു.

“ ഞാന്‍ സലീനയുടെയും മകന്റെയും കാര്യം ആലോചിക്കുവായിരുന്നു.. അവള്‍ എന്റെ മുന്നില്‍ കരയുക യായിരുന്നു..വല്ലാത്തൊരു സ്ഥിതിയിലാണ് അവള്‍ . നാത്തൂന്‍ വല്ലാതെ ഉപദ്രവിക്കുന്നു. എല്ലാം കണ്ടിട്ടും ആങ്ങളയും ഒന്നും മിണ്ടുന്നില്ല . ഒരു ശല്യം എന്ന രൂപത്തില്‍ ആണ് അവര്‍ അവളെ കാണുന്നത്. . ആ ഉമ്മയെ നിങ്ങള്‍ കണ്ടില്ലേ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാന്‍ കഴിയാതെ കണ്ണീര്‍ ഒഴുക്കുന്നു. അവളെന്താണെന്നോ പറയുന്നത്. അല്ലഹുവിനെയും ആ മോനെയും ഓര്‍ത്താണ് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് എന്ന് .അത്രയ്ക്ക് കഷ്ട ത്തിലാ അവളും മോനും....” ഷാഹിനയുടെ കണ്ണ് നീര്‍ തന്റെ നെഞ്ചില്‍ വീണോ ...സക്കീറിന് സംശയം

. “നമുക്കെന്തു ചെയ്യാന്‍ കഴിയും മുല്ലേ....പൈസ എന്ത്കിലുമൊക്കെ കൊടുക്കാം പക്ഷെ അത് എക്കാലവും കഴിയുമോ ..? “ സക്കീര്‍ ചോദിച്ചു.

അല്‍പ നേരത്തെ മൌനത്തിനു ശേഷം “അവളെയും മോനെയും രക്ഷിക്കാന്‍ ഇക്ക വിചാരിച്ചാല്‍ കഴിയും...” ഷാഹിന പറഞ്ഞു.

“ ഞാന്‍ വിചാരിച്ചാലോ ..അതെങ്ങിനെ .”സക്കീര്‍ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കിഅവള്‍ പറഞ്ഞു ;

“ അതെ...ഇക്ക സലീനയെ യെ വിവാഹം ചെയ്യണം ...”തുടരും..........

3 comments:

  1. കഥയില്‍ എവിടെയെക്കയോ വിങ്ങല്‍ ഉണ്ടാക്കുന്നു. ഹൃദയസ്പര്ശിെയായ അവതരണം, അവസാന വാചകത്തില്‍ ശരിക്കും ഞെട്ടിപ്പോയി "അസംഭവ്യം"

    ReplyDelete
  2. ദഹിക്കാന്‍ അല്‍പ്പം സമയം വേണ്ടി വന്നു അവസാന വാചകം

    ReplyDelete