ഏറ്റവും പുതിയ പോസ്റ്റുകള്‍

Saturday, September 10, 2011

കഥ / തണല്‍ വിരിയിച്ച വഴികള്‍ / ഒന്നാം ഭാഗം


പതിനാലാം രാവിന്‍റെ ശോഭക്ക് പതിവിലേറെ തിളക്കം നല്‍കി പൂര്‍ണ ചന്ദ്രന്‍ മാനത്ത് നിന്നും ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുകയാണ് . നിലാവിന്റെ തൂവല്‍ സ്പര്‍ശം ഏല്‍ക്കാത്ത തായി ഇനി എന്തുണ്ട്...? ജനല്‍ വഴി വീട്ടിനുള്ളിലേക്ക് കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് മുല്ല എന്ന ഷാഹിന. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഇന്ന് ഉറക്കത്തിന്റെ തലോടല്‍ വരുന്നില്ലല്ലോ. ?? ചുമരില്‍ നിഴല്‍ വിരിക്കുന്ന നിലാവ് തന്നെ വിളിക്കുന്നുവോ...? നിശബ്ദതയെ ഭേദിക്കുന്ന ടിക്ക്‌ ടിക്ക്‌ എന്ന ക്ലോക്കിന്റെ ശബ്ദം ഷാഹിനയെ കിടന്നിടത്ത് നിന്നും എഴുന്നെല്‍പ്പിച്ചു . ലൈറ്റിട്ടു ക്ലോക്കിലേക്ക് നോക്കി. സമയം ഒരുമണി കഴിഞ്ഞതെ ഉള്ളൂ ....

“ എന്റെ റബ്ബേ ... ഇന്നെന്താ ഈ രാവിനു ഇത്ര ദൂരം ...നേരം പോകുന്നെ ഇല്ലല്ലോ ..? “

ഉമ്മ ഉറങ്ങാതെ രാവിനെ തള്ളി നീക്കന്നതൊന്നും അറിയാതെ നുബുവും ആബിയും നല്ല ഉറക്കത്തിലാണ്. പുതപ്പിച്ചു കൊടുത്തിരുന്ന പുതപ്പ് കുട്ടികള്‍ക്ക് മേല്‍ വീണ്ടും നേരെയിട്ടു ഷാഹിന ലൈറ്റ്‌ ഓഫ് ചെയ്തു. വരാത്ത ഉറക്കത്തെ കാത്തു വീണ്ടും കിടക്കയില്‍ കിടക്കാന്‍ വയ്യ . ജനലിനരികില്‍ ചെന്ന് പുറത്തേക്ക് നോക്കി. ഇന്നത്തെ രാവിനെന്തോ പ്രത്യേകത ഉള്ള പോലെ....

എന്തൊരു നിലാവ് ...ഇങ്ങിനെയും നിലാവ് ഉണ്ടാകുമോ.. താഴെ മുറ്റത്തുള്ള വാടിയ അസര്മുല്ല വരെ കാണുന്നുണ്ട്. തെങ്ങോലകള്‍ മെല്ലെ ആടുന്നു...തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉമ്മ ആട്ടി കൊടുക്കുന്നത് പോലെ....അതും കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുകയാണോ... ഇളം കാറ്റിന്റെ താരാട്ട് പാട്ട് കേട്ട്..

ഷാഹിനയുടെ കണ്ണുകള്‍ വീണ്ടും ആകാശത്ത് പരതി . സര്‍വതിനെയും നിലാവില്‍ കുളിപ്പിച്ച് നില്‍ക്കുന്നവനെ കാണാന്‍ കഴിയുന്നില്ലല്ലോ ..ജനലിലൂടെ മേലോട്ട് നോക്കാ നും കഴിയുന്നില്ല ... ചിലപ്പോ അവന്‍ പുരക്കു മുകളില്‍ കയറി ഇരിപ്പുണ്ടാവും.. പൂര്‍ണ ചന്ദ്ര ശോഭയില്‍ മുങ്ങിയതിനാലാവണം നക്ഷ്ത്രങ്ങള്‍ ക്കൊന്നും ഒരു സന്തോഷ മില്ലാത്ത പോലെ....ഇടയ്ക്കിടെ വെറുതെ കണ്ണ് ചിമ്മുന്നു...അവ ഒളിച്ചിരുന്ന് കണ്ണിറു മ്മുന്നത് തന്നെയാണോ.....??? അവള്‍ അവയെ നോക്കി ചിരിച്ചു....കണ്ണുകള്‍ പടിഞ്ഞാറേ മാനത്തേക്ക് നീങ്ങി ....മനസ്സ് അങ്ങ് അകലേക്കും......!!

അകലെ സൌദി അറേബിയയിലെ ജിദ്ദയിലെ വിമാനത്താവളത്തില്‍ നിന്നും തന്റെ ജീവന്‍ കയറിയ വിമാനം ആകാശ മലര്‍ വാടിയിലൂടെ വരുന്നുണ്ടാകും. നാളെ പുലര്‍ച്ചെ ക്ക് കിലോമീറ്ററുകള്‍ ദൂരെ യുള്ള കരിപ്പൂര്‍ വിമാന താവളത്തില്‍ അത് വന്നിറങ്ങും..ഇക്ക ഇപ്പോള്‍ എന്ത് ചെയ്യുക യാകും....വിമാനത്തില്‍ ഇരുന്നു ഉറങ്ങുക യാകുമോ...? അതോ എന്നെ പോലെ ഉറങ്ങാതെ ഈയുള്ളവളുടെ അടുത്ത്തെത്തുന്നതും കൊതിച്ചു ...ഇരിക്കുന്നുവോ...??

എത്ര പെട്ടന്ന് ദിവസങ്ങള്‍ ,മാസങ്ങളായി,,,മാസങ്ങള്‍ വര്‍ഷങ്ങളായി... ഇപ്പോള്‍ വര്ഷം പതിനൊന്നു കഴിഞ്ഞു ...ഇക്കയും താനുമായുള്ള വിവാഹം കഴ്ഞ്ഞിട്ടു . പെണ്ണ് കാണാന്‍ വന്നത് ഇന്നും ഓര്‍മയില്‍ ഉണ്ട്. അന്ന് ഞാന് ആ മുഖം തന്നെ കണ്ടില്ല . പിന്നെ കല്യാണം കഴിഞ്ഞ ആ രാത്രിയിലാ ആ മുഖമൊന്നു കാണുന്നത്. രണ്ടു വര്ഷം ഗള്‍ഫില്‍ നിന്ന് വന്ന മൂന്നു മാസത്തെ ലീവില്‍ ആയിരുന്നു കല്യാണം. എത്ര പെട്ടന്നാണ് ആ ദിവസങ്ങളൊക്കെ തീര്ന്നത്. ഒന്ന് പരസ്പരം അറിയുന്നതിന് മുന്നേ വീണ്ടും ഗള്‍ഫിലേക്ക് രണ്ടു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു മൂന്നു മാസം . ആശിച്ചു കാത്തിരിന്നു മാസങ്ങള്‍ നിമിഷങ്ങളായി മിന്നി പോകും. സത്യത്തില്‍ ശരിക്കും ഇക്കയെ അറിഞ്ഞത് ഇക്ക അയക്കുന്ന കത്തുകളിലൂടെ ആണ്. എട്ടും പത്തും പേജു ഉണ്ടാകും ഓരോ കത്തും. ആദ്യ വായന വേഗം കഴിയും..പിന്നെ അടുത്ത കത്ത് വരുന്നത് വരെ ...അത് വായിക്കും.. ഇക്കയുടെ കത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഉണ്ടാവില്ല . മതവും രാഷ്ട്രീയവും ഗള്‍ഫ്‌ കാരന്റെ ജീവിതവും. അങ്ങിനെ എല്ലാം ...സത്യത്തില്‍ താന്‍ പത്താം ക്ലാസ്സ്‌ വരെ മദ്രസയില്‍ പഠിച്ചതിനെക്കാള്‍ വിജ്ഞാനം ഒരു പക്ഷെ ഇക്കയുടെ കത്ത് വായിചാവും പഠിചിട്ടുണ്ടാവുക. ഗള്‍ഫ്‌ കാരന്റെ ജീവിതം പറയുമ്പോള്‍ ഇക്കയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വീഴുന്നുണ്ടോ എന്ന് തോന്നിപോകും.

പ്രിയപ്പെട്ടവരേ എല്ലാം വിട്ടു അവരുടെ സുഖകര ജീവിതത്തിനു തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ .അവിടന്ന് ഒന്ന് ഇങ്ങോട്ട് ഫോണ്‍ ചെയ്താലും ഇവിടന്നങ്ങോട്ടു പറയുന്ന പരാതികളും ആവശ്യങ്ങളും കേള്‍ക്കാന്‍ മാത്രം വിധിക്കപെട്ടവര്‍. ഒരസുഖം വന്നാല്‍ എല്ലാരും ജോലിക്ക് പോകുമ്പോള്‍ റൂമില്‍ ഒറ്റക്കാവുന്ന അവസ്ഥ. നാട്ടിലെ പെണ്‍മക്കളെ കെട്ടിക്കാന്‍ കടം വാങ്ങി കല്യാണത്തില്‍ പോലും ഒന്ന് കൂടാന്‍ കഴിയാതെ കിട്ടിയ ലീവ് വേണ്ട എന്ന് വെച്ച് അവിടെ തന്നെ കഴിയുനവര്‍ . കിട്ടുന്ന ശമ്പളം കുറിയിലേക്ക് മാറ്റി സ്വന്തമായി ഒരു വീടെന്ന സ്വപനം പേറുന്നവര്‍. ഗള്‍ഫില്‍ ആറു കൊല്ലം നാട്ടില്‍ പോകാതെ നിന്ന് പെങ്ങന്‍ മാരെ മുഴുവന്‍ കെട്ടിച്ചയച്ചു തനിക്കൊരു കല്യാണം കഴിക്കണമെന്ന ആഗ്രഹം താലോലിച്ചു നാട്ടിലേക്കു പോന്നിട്ട്, ഉള്ള വീടും എട്ടു സെന്റ്‌ സ്ഥലവും പ്രായമായ ബാപ്പ മരികുന്നതിനു മുന്നേ ഭാഗിക്കണമെന്ന മൂത്തപെങ്ങളുടെ ആവശ്യം കേട്ട് കല്യാണം കഴിക്കാതെ വീണ്ടും ഉള്ള ലീവ് കാന്‍സല്‍ ചെയ്തു ഗള്‍ഫിലേക്ക് മടങ്ങിയ ഇക്കയുടെ പ്രായമുള്ള സക്കീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനകള്‍...ഗള്‍ഫില്‍ ചോര നീരാക്കി ഉണ്ട്ക്കിയ സമ്പാദ്യമെല്ലാം ഭാര്യയെ ഏല്‍പ്പിച്ചു അവസാനം നാട്ടിലേക്കു ചെന്നപ്പോള്‍ മറ്റൊരുത്തനുമായുള്ള ഭാര്യയുടെ ബന്ധത്തിന്റെ കഥ കേട്ട് തകര്‍ന്നു വീണ്ടും ആശ്വാസം തേടി ഗള്‍ഫിലെ സുഹ്ര്ത്തുക്കളുടെ ഇടയിലേക്ക് ചേക്കേറിയ അഹമദ്‌ കുട്ടിക്കയുടെ കഥ. അങ്ങിനെ എന്തെല്ലാം.....

ഗള്‍ഫ്‌ കാരന്റെ തണലില്‍ അവന്റെ കുടുംബം മാത്രമല്ല .. മഹല്ലിലെ പാവപ്പെട്ട പെണ്‍കുട്ടിയെ കെട്ടിക്കാനും, പാവപ്പെടവര്‍ക്ക് വീടുണ്ടാക്കാനും, മെല്ലാം നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയവന്റെ ഒരു വിഹിതം എത്തുന്നു. നാട്ടിലെ വലിയ വലിയ ദീനീ സ്ഥാപനങ്ങളായ യതീം ഖാനകളും കോളജുകളും മെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ഈ ഗള്‍ഫു കാരനെയാണ്. പടച്ചവന്‍ ഈ ഗള്‍ഫ്‌ മുഖേന വല്ലാതൊരു അനുഗ്രഹമാണല്ലോ നമുക്ക് തന്നത്.





അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍.....

അശ്ഹദ് അന്‍ ലാ ഇലാഹ ഇല്ലള്ളാ...

പള്ളി മിനാരത്തില്‍ നിന്നും സുബ്ഹി ബാങ്കിന്റെ ഈരടികള്‍ ഉയര്‍ന്നു .. എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന പൂവന്‍ കോഴികളുടെ കൂവല്‍ ശബ്ദവും കിളികളുടെ ശബ്ദവും പുതിയൊരു പ്രഭാതത്തിനു ഒരുക്കങ്ങള്‍ കൂട്ടി. സുബ്ഹി നിസ്കാരത്തിനു ശേഷം അല്പം ഖുര്‍-ആന്‍ പാരായണവും കഴിഞ്ഞു .ഷാഹിന അടുക്കളയിലേക്ക് നീങ്ങി . ഉമ്മച്ചി നിസ്കാര പായയില്‍ നിന്നും എണീറ്റിട്ടില്ല. വാപ്പച്ചി പള്ളിയിലേക്ക് പോയിട്ടുണ്ടാകും ..ഇന്നലെ എപ്പോഴാ ഉറങ്ങിയത് എന്നോര്‍മയില്ല ...ഓരോന്നു ആലോചിച്ചു ഇരുന്നത് ഓര്‍മയുണ്ട്.

“ മുല്ലേ .....വാപ്പച്ചിക്കും മുത്തുനും കരിപ്പൂരില്‍ പോകണ്ടേ ...... ബെക്കം നാലു ഓട്ടടയും കറിയും ഉണ്ടാക്കിക്കോ ...അതാകുമ്പോ എളുപ്പമാ....” ഉമ്മ അടുക്കളയില്‍ എത്തി.

ആയിക്കോട്ടെ ഉമ്മാ.....”

“ നുബുവിനെയും ആബിയെയും വിളിച്ചോ....”

“ഇല്ല ഉമ്മ ...........അവര്‍ ഉറക്കത്തിലാ ....ഉപ്പയെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ അവരെയും കൊണ്ട് പോകാം എന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ട് എന്നും പറഞാ രണ്ടാളും ഉറങ്ങിയത്. ഇന്നിനി സ്കൂളില്‍ പോക്കൊന്നും ഉണ്ടാകില്ല ” ഷാഹിന പറഞ്ഞു.

“ ഞാന്‍ അവരെ വിളിക്കാം ....നീ ചായക്കും കൂടി വെള്ളം വെച്ചേക്ക് ......” ഉമ്മ കുട്ടികളെ വിളിക്കാനായി റൂമിലേക്ക്‌ പോയി....





തുടരും ......................

No comments:

Post a Comment